മല്ലപ്പള്ളി : കല്ലൂപ്പാറ പഞ്ചായത്ത് പരിധിയിലെ പ്രദേശങ്ങളിൽ വ്യാപകമായി മണ്ണെടുക്കുന്നുവെന്നും വാഹനങ്ങളിൽ അനുവദനീയമായതിലും അധിക അളവിൽ മണ്ണ് കടത്തുന്നുവെന്നും താലൂക്ക് വികസന സമിതി യോഗത്തിൽ പരാതി.പരാതിയുടെ അടിസ്ഥാനത്തിൽ റവന്യൂ, പഞ്ചായത്ത്, പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ സംയുക്തമായി പരിശോധന നടത്തണമെന്ന് തീരുമാനമെടുത്തു. കനത്ത ചൂടിൽ ജലസ്രോതസുകൾ വറ്റിവരണ്ടതിനാൽ താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാണെന്നും ഇക്കാരണത്താൽ ജല അതോറിറ്റി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കല്ലൂപ്പാറ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുംഭമല, നെടുമ്പാറ , പരിയാരംകോട്ട എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണെന്നും ടാങ്കർ ലോറികളിൽ വെള്ളമെത്തിക്കുന്നതിന് വരൾച്ച ബാധിത പ്രദേശങ്ങളുടെ പട്ടിക ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നു. കുറ്റിപ്പൂവം- ഇല്ലത്തുപടി റോഡിൽ ജൽ ജീവൻ മിഷന്റെ പ്രവർത്തികളുമായി ബന്ധപ്പെട്ട് എടുത്ത കുഴികൾ മൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യവും യോഗത്തിൽ ഉയർന്നു. താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, മത്സ്യവിപണശാലകൾ എന്നിവിടങ്ങളിൽ റവന്യൂ, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ പരിശോധന നടത്തിയതായി തഹസിൽദാർ അറിയിച്ചു. പൂവനാൽ കടവ്- ചെറുകോൽപ്പുഴ റോഡിൽ വൃന്ദാവനം എസ്എൻഡിപി മന്ദിരത്തിനും മാർത്തോമ്മ പള്ളിക്കും ഇടയിൽ റോഡ് ഇടിഞ്ഞുതാണത് നന്നാക്കണമെന്നും ആവശ്യമുയർന്നു. തിരുവല്ല റോഡിൽ മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപത്തെ വളവിലുള്ള ബസ് സ്റ്റോപ്പ് മാറ്റാൻ ട്രാഫിക് റെഗുലേറ്ററി കമ്മീഷൻ കമ്മിറ്റിയിൽ തീരുമാനമായിട്ടും നടപ്പാക്കാത്തത് ചർച്ചയായി. ആനിക്കാട് വില്ലേജിലെ അട്ടക്കുളം പാലത്തിന് പടിഞ്ഞാറുവശത്തുള്ള റോഡിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അലക്സ് കണ്ണമലയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ തഹസീൽദാർ പി.ഡി. മനോഹരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ വിനീഷ് കുമാർ, സൂസൻ ഡാനിയേൽ, ഉഷ സുരേന്ദ്രനാഥ് രാഷ്ട്രീയകക്ഷി പ്രതിനിധികളായ ജയിംസ് വർഗീസ്, ബെന്നി പാറയിൽ, ഹബീബ് റാവുത്തർ, ഷെറിതോമസ്, സാംകുട്ടി ചെറുകര പാലയ്ക്കാമണ്ണിൽ, പി.ടി.ഏബ്രഹാം, കെ.എം.എം.സലിം എന്നിവരും വിവിധ താലൂക്ക്തല ഉദ്യോഗസ്ഥരും പങ്കെടുത്തു.