ymca

തിരുവനന്തപുരം: പാവപ്പെട്ടവന്റെ ദുഃഖത്തെ പ്രതിഷ്ഠാ മന്ത്രമാക്കിയ ശ്രീനാരായണ ഗുരുവിൻറെ ദർശനം അപരത്വം പാടില്ല എന്നാണെന്നും ഇത് ഉൾക്കൊണ്ട് പ്രവർത്തിച്ചാലേ ആലുവ സർവമത സമ്മേളനത്തിന്റെ പൊരുളായ മതമൈത്രി നേടാൻ സാധിക്കൂ എന്നും നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറും ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് ചെയർപേഴ്സണും ആയ പ്രൊഫ. ജി. മോഹൻ ഗോപാൽ പറഞ്ഞു. പാവപ്പെട്ടവന്റെ ദുരിതവും കഷ്ടപ്പാടും ഇല്ലാതാക്കുന്നതാണ് ദൈവീകതയെന്ന സന്ദേശമാണ് ഗുരു നൽകിയത്. ആലുവ സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോട് അനുബന്ധിച്ച് ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗ വകുപ്പ് മുൻ ഡയറക്ടർ വി.ആർ ജോഷി അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ, മതമൈത്രി സംരക്ഷിക്കുന്നതിൽ ശ്രീനാരായണ ഗുരുവിൻറെ വീക്ഷണം എന്നതിൽ ഡോ.ടി എസ് ശ്യാംകുമാർ, ഡോ.അമൽ സി.രാജൻ എന്നിവർ സംസാരിച്ചു. വിഷയത്തിൽ ഇസ്ലാം മതത്തിന്റെ വീക്ഷണം ഡോ. പി നസീർ,​ ഡോ. വർഷാ ബഷീർ എന്നിവരും ക്രൈസ്തവ മതത്തിന്റെ വീക്ഷണം ഡോ.ജിനു സക്കറിയ ഉമ്മൻ, ഡോ. വിനിൽ പോൾ എന്നിവരും ബ്രാഹ്മണ്യം ഇതര വിഭാഗങ്ങളെ അപരന്മാർ ആക്കുന്നത് എങ്ങനെ എന്നതിൽ ഡോ.ആദർശയും സംസാരിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി സുദേഷ് എം. രഘു നന്ദി പറഞ്ഞു

ഫോട്ടോ: ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് തിരുവനന്തപുരം വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ' ആലുവ സർവമത സമ്മേളനത്തിന്റെ പൊരുളായ മതമൈത്രി എങ്ങനെ സംരക്ഷിക്കാം " ഏകദിന സെമിനാർ പ്രൊഫ.മോഹൻ ഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. വി.ആർ.ജോഷി,സുദേഷ് എം.രഘു,ഡോ.അമൽ സി.രാജൻ,ഡോ.പി.നസീർ,ഡോ.വർഷ ബഷീർ,ഡോ.എ.കെ.ആദർശ,ഡോ.ജിനു സക്കറിയ ഉമ്മൻ,ഡോ.ടി.എസ്.ശ്യാം കുമാർ തുടങ്ങിയവർ സമീപം