അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ 14 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സാഹസിക ടൂറിസം മേഖല വളർച്ചയുടെ പാതയിലാണെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഈ മാസം നടക്കുന്ന സാഹസിക ടൂറിസം മത്സരങ്ങളായ പാരാഗ്ലൈഡിംഗ്, സർഫിംഗ് ഫെസ്റ്റിവലുകളുടെ ലോഗോ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് മത്സരം 14 മുതൽ 17 വരെ വാഗമണ്ണിൽ നടക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും (കെ.എ.ടി.പി.എസ്) ഇടുക്കി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) സംയുക്തമായി പാരാഗ്ലൈഡിംഗ് അസോസിയേഷൻ ഒഫ് ഇന്ത്യയുടെ (പി.എ.ഐ) പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. നൂറിലധികം അന്തർദ്ദേശീയ/ ദേശീയ ഗ്ലൈഡറുകൾ പങ്കെടുക്കും. ലോകപ്രശസ്ത ഗ്ലൈഡർമാരും അന്താരാഷ്ട്ര ചാമ്പ്യന്മാരും പരിപാടിയിലെത്തുമെന്നും മന്ത്രി അറിയിച്ചു.

ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ, യു.എസ്, യു.കെ, നേപ്പാൾ തുടങ്ങിയ 15 ഓളം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും. ഡൽഹി, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ഗോവ, സിക്കിം, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമാകുമെന്നും മന്ത്രി പറഞ്ഞു. മാസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ ടൂറിസം ഡയറക്ടർ പി.ബി.നൂഹ് പങ്കെടുത്തു.