
തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിതരണം സുതാര്യവും സുരക്ഷിതവുമാക്കാൻ 30 സുരക്ഷാ സങ്കേതങ്ങൾ അടങ്ങിയ സെക്യൂരിറ്റി ലേബൽ സംവിധാനം വരുന്നു. ക്യൂആർ കോഡ് ആലേഖനം ചെയ്ത ടാഗന്റ് അധിഷ്ഠിത ഹോളോഗ്രാഫിക് ടാക്സ് ലേബലിന്റെ ഏറ്റവും വലിയ സവിശേഷത ട്രാക്ക് ആൻഡ് ട്രെയ്സ് സൗകര്യമാണ്. സി.ഡിറ്റാണ് ഹോളോഗ്രാം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ സാന്നിദ്ധ്യത്തിൽ ഹോളോഗ്രാം സംബന്ധിച്ച ധാരണാപത്രത്തിൽ ബിവറേജസ് കോർപ്പറേഷൻ സി.എം.ഡി യോഗേഷ് ഗുപ്ത, എക്‌സൈസ് കമ്മീഷണർ മഹിപാൽ യാദവ്, സിഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ് എ. കെ എന്നിവർ ഒപ്പുവെച്ചു. സിഡിറ്റ് ഡയറക്ടർ ജയരാജ്. ജിയും പങ്കെടുത്തു. സംവിധാനത്തിന്റെ ട്രയൽ റൺ നടക്കുകയാണ്. പൂർണതോതിൽ വളരെ വേഗം പുതിയ ഹോളോഗ്രാം മദ്യക്കുപ്പികളിൽ പതിച്ചുതുടങ്ങും.
സവിശേഷത
ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ മദ്യം ഏത് വെയർഹൗസിൽ സൂക്ഷിച്ചുവെന്നും എപ്പോഴാണ് വിൽപ്പന സ്റ്റോക്കിൽ വന്നതെന്നും അറിയാനാവും. നികുതി വെട്ടിപ്പ് പൂർണമായി തടയാം. സംസ്ഥാനത്തെ മൊത്തം മദ്യവിൽപ്പനയുടെ തൽസ്ഥിതി തത്സമയം അറിയാനാവും. ഓരോ ദിവസവും ഏതൊക്കെ ഷോപ്പുകളിൽ എത്ര, ഓരോ ബ്രാൻഡും എത്ര വിൽപ്പന തുടങ്ങി എല്ലാ വിശദാംശങ്ങളും ഒറ്റ ക്ലിക്കിൽ അധികാരികൾക്ക് അറിയാനാവും. ഡിസ്റ്രിലറികളിൽ നിന്ന് പുറത്തുവരുന്ന ഓരോ മദ്യക്കുപ്പിയുടെയും എക്‌സൈസ് തീരുവ കണ്ടെത്തുക, ഡ്യൂട്ടി അടയ്ക്കാത്ത മദ്യം പുറത്തേക്ക് ഒഴുകുന്ന പ്രവണത തടയുക എന്നിവയാണ് ട്രാക്ക് ആൻഡ് ട്രെയ്സ് സിസ്റ്റത്തിന്റെ പ്രധാന ലക്ഷ്യം. മുഴുവൻ വിതരണ ശൃംഖലയും നിരീക്ഷിക്കാൻ എക്‌സൈസ് വകുപ്പിന് കഴിയും. വ്യാജ ലേബൽ സംബന്ധിച്ച എല്ലാ സാദ്ധ്യതകളും ഇല്ലാതാക്കും. ടാഗന്റിലെ മോളിക്യൂൾ അലാം, യുവി ലൈറ്റ് തുടങ്ങി പഴുതടച്ച സുരക്ഷാ സൌകര്യങ്ങളും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. കറൻസിയിലേതിന് സമാനമായ സുരക്ഷാ സംവിധാനങ്ങളാണ് ലേബലിലുള്ളത്. തത്സമയ ട്രാക്കിംഗിനും നിരീക്ഷണത്തിനുമായി എക്‌സൈസ് വകുപ്പിനായി ഒരു മൊബൈൽ ആപ്ലിക്കേഷനും വികസിപ്പിക്കുന്നുണ്ട്. 2002 മുതൽ സിഡിറ്റ് നൽകി വരുന്ന 15 സുരക്ഷാ സങ്കേതങ്ങൾ ഉൾച്ചേർത്ത ഹോളോഗ്രാമിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പാണ് 30 നിലവിൽ വരുന്നത്.