
അരുവിപ്പുറം : ഉത്തരങ്ങൾ കണ്ടെത്തുന്ന കുട്ടികളല്ല, മറിച്ച് ഉത്തരങ്ങളെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികൾ ഉണ്ടാകണം എന്നാണ് ശ്രീനാരായണ ഗുരു ആഗ്രഹിച്ചിരുന്നതെന്ന് കവി മുരുകൻ കാട്ടാക്കട പറഞ്ഞു. അരുവിപ്പുറം പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രിയോട് അനുബന്ധിച്ച് നടന്ന അരുവിപ്പുറം സെൻട്രൽ സ്കൂൾ വാർഷിക സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുരുകൻ കാട്ടാക്കട. ശ്രീനാരായണ ഗുരു വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയിരുന്നു. ഗുരുദേവൻ മനനം കൊണ്ടും ധ്യാനം കൊണ്ടും ഉദ്ദേശിച്ച പദ്ധതിയാണ് ഇന്ന് കേരളത്തിലുള്ളത്. ശാസ്ത്രബോധമാണ് ഗുരു നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സെൻട്രൽ സ്കൂർ മാനേജരും മഠം സെക്രട്ടറിയുമായ സ്വാമിസാന്ദ്രാനന്ദ അദ്ധ്യക്ഷനായിരുന്നു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി, യൂത്ത് അംബാസഡർ ഗായത്രി എസ്. മോഹൻ, വിനോദ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഗംഗാ സുരേഷ് സ്വാഗതവും, പി.ടി. എ പ്രസിഡന്റ് എസ്.എസ്. അജി അരുവിപ്പുറം നന്ദിയും രേഖപ്പെടുത്തി. വിദ്യാർത്ഥികൾ ശലഭം 2024 എന്ന പരിപാടി അവതരിപ്പിച്ചു.