തിരുവനന്തപുരം: സ്മാർട്ട് സിറ്റി 2.0ലെ 18 നഗരങ്ങളിൽ സംസ്ഥാനത്ത് നിന്നുള്ള ഏകനഗരമായി തലസ്ഥാന നഗരവും. സ്മാർട്ട് സിറ്റി 1.0ൽ നടത്തിയ പരിഷ്‌കാരങ്ങളും പദ്ധതി നടത്തിപ്പും പരിഗണിച്ചും,സ്മാർട്ട് സിറ്റി 2.0ൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും പരിഗണിച്ചാണ് കേന്ദ്ര നഗര മന്ത്രാലയം കോർപ്പറേഷനെ സിറ്റി 2.0ൽ ഉൾപ്പെടുത്തിയത്.പ്രധാനമായും മാലിന്യ സംസ്‌കരണ മേഖലയിലെ നടത്തുന്ന പദ്ധതികൾക്കാണ് കൂടുതൽ ഫണ്ട് ലഭിക്കുക.സ്മാർട്ട് സിറ്റിയിൽ (1.0) തിരഞ്ഞെടുക്കപ്പെട്ട 100 നഗരങ്ങളിൽ നിന്ന് ആദ്യഘട്ടത്തിൽ 36 നഗരങ്ങളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അഭിമുഖത്തിലാണ് തിരുവനന്തപുരത്തെ തിരഞ്ഞെടുത്തത്.

മേയർ ആര്യാ രാജേന്ദ്രൻ,സെക്രട്ടറി ബിനു ഫ്രാൻസിസ്,സ്മാർട്ട് സിറ്റി സി.ഇ.ഒ രാഹുൽ കൃഷ്ണ ശർമ്മ എന്നിവരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. സ്മാർട്ട് സിറ്റിയുടെ മൂന്നാംഘട്ടത്തിൽ 2017ലാണ് തിരുവനന്തപുരം കോർപ്പറേൻ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.ഏകദേശം 1135 കോടി രൂപയുടെ പദ്ധതികളാണ് ഇതുവഴി നടപ്പാക്കുന്നത്.സ്മാർട്ട് സിറ്റി 1.0യുടെ കാലാവധി ജൂണിൽ അവസാനിക്കും.