
ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും അന്തരീക്ഷ മലിനീകരണവും സൃഷ്ടിക്കുന്ന അതീവഗുരുതരമായ വിപത്തുകളെ സംബന്ധിക്കുന്ന വാർത്തകളും നിരീക്ഷണങ്ങളും പഠനങ്ങളും ലോകവ്യാപകമായി ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മനുഷ്യൻ ഉൾപ്പെടെ സർവ ജീവജാലങ്ങളുടെയും അവയുടെ ആവാസ വ്യവസ്ഥകളുടെയും നിലനിൽപ്പിന് ഭീഷണിയുയർത്താൻ ആഗോള താപനവും അതിന്റെ പരിണിതഫലങ്ങളും ഇടയാക്കിയിട്ടുണ്ട്.
അന്തരീക്ഷ മലിനീകരണം രൂക്ഷമായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും അടച്ചിടാനും ഗതാഗതം വലിയതോതിൽ നിയന്ത്രിക്കുവാനും നിർബന്ധിതമാകുന്ന സാഹചര്യമാണ് രാജ്യതലസ്ഥാനമായ ഡൽഹിയിലേത്. അന്തരീക്ഷ മലിനീകരണ സൂചികയിൽ ലോകത്ത് ഒന്നാമതുള്ള ഡൽഹിക്കു പുറമേ മുംബയ് ഉൾപ്പെടെ പല നഗരങ്ങളിലും സമാന സ്ഥിതിവിശേഷം നിലനിൽക്കുന്നു എന്നത് ഈ മഹാവിപത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. രാജ്യത്തെ അന്തരീക്ഷ മലിനീകരണത്തിന്റെ പകുതിയോളവും ഉണ്ടാവുന്നത് എണ്ണമറ്റ ഇരുചക്രവാഹനങ്ങളും കാറുകളും ബസുകളും ലോറികളും ട്രക്കുകളും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നാണ്. ഡീസലിന്റെയും പെട്രോളിന്റെയും ഉപഭോഗം കുറയ്ക്കാൻ കഴിഞ്ഞാൽ അന്തരീക്ഷ മലിനീകരണം വലിയ അളവിൽ പ്രതിരോധിക്കാൻ കഴിയും. ഇലക്ട്രിക്, സോളാർ, ബയോ ഫ്യുവൽസ് തുടങ്ങിയ പുതിയ ഇന്ധന സ്രോതസ്സുകൾ ഉപയോഗിച്ച് വാഹന ഗതാഗത രംഗത്ത് സമ്പൂർണ മാറ്റമുണ്ടാക്കാൻ അനതിവിദൂര ഭാവിയിലെങ്കിലും കഴിയേണ്ടതാണ്.
കാലം തെറ്റി പെയ്യുന്ന മഴയും അതിപ്രളയങ്ങളും കടുത്ത വേനലും ലോകത്തെവിടെയും ആവർത്തിക്കപ്പെടുന്ന പ്രതിഭാസമായിരിക്കുന്നു. പരമ്പരാഗതമായി ശൈത്യ രാജ്യങ്ങൾ എന്നറിയപ്പെടുന്ന ദേശങ്ങളിൽ കഠിനമായ വേനലും വരൾച്ചയും അനുഭവപ്പെടുന്നു. ശൈത്യ മേഖലയിൽപ്പെട്ട ഇറ്റലിയുടെ വടക്കൻ ദേശങ്ങൾ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിലെപ്പോലെ അതിരൂക്ഷമായ വരൾച്ചയുടെ പിടിയിലായിരിക്കുന്നു എന്നാണ് ദി ഗാർഡിയൻ പത്രം കഴിഞ്ഞ നവംബറിൽ റിപ്പോർട്ടു ചെയ്തത്.
അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലുമൊക്കെ ആവർത്തിക്കപ്പെടുന്ന ചക്രവാതച്ചുഴികളുടെ ഫലമായി ചെന്നൈയിലും മധുരയിലും പ്രളയമുണ്ടായത് ഈയിടെയാണ്. ചിലയിടങ്ങളിൽ അമിത മഞ്ഞുവീഴ്ച ഉണ്ടാവുമ്പോൾ മറ്റിടങ്ങളിൽ നദികളും തടാകങ്ങളും വറ്റിവരളുന്നു. വേനൽക്കാലങ്ങളിൽ ആമസോൺ മേഖലയിലും ഓസ്ട്രേലിയയിലും കാലിഫോർണിയയിലും വനങ്ങൾ മാസങ്ങളോളം കത്തിപ്പടരുന്നത് പതിവായിരിക്കുന്നു. വൈവിദ്ധ്യമാർന്ന അനേകം സസ്യങ്ങളും ജീവികളും കാട്ടുതീയിൽ വംശനാശത്തിന് ഇരയായിത്തീരുന്നു.
ആഗോള അന്തരീക്ഷ ഊഷ്മാവ് നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന മഞ്ഞുപാളികൾ അതിവേഗത്തിൽ ഉരുകി നഷ്ടപ്പെടുന്നു. ഹിമാലയത്തിൽ മഞ്ഞുപാളികൾ ഉരുകി പ്രളയവും മണ്ണൊലിപ്പും ഉണ്ടാവുന്നത് പതിവായിരിക്കുന്നു. 2013 ജൂണിലുണ്ടായ ഉത്തരാഖണ്ഡ് പ്രളയത്തിൽ ഈ ലേഖകൻ മൂന്നാഴ്ചയോളം ഹിമാലയത്തിൽ കുടുങ്ങിപ്പോയത് ഓർമ്മിക്കുന്നു. ഭാഗ്യംകൊണ്ടു മാത്രമാണ് അന്നു രക്ഷപ്പെട്ടത്. ഐസ്ലൻഡിലും ഗ്രീൻലാൻഡിലും അന്റാർട്ടിക്കയിലും മഞ്ഞുപാളികൾ അതിവേഗം ഉരുകുകയാണ്. ഇക്കഴിഞ്ഞ നവംബറിൽ ദുബായിൽ നടന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിക്കു തൊട്ടുമുൻപ് അന്റാർട്ടിക്ക സന്ദർശിച്ച യു.എൻ സെക്രട്ടറി ജനറൽ അവിടത്തെ മഞ്ഞുരുകലിന്റെ വ്യാപ്തി നേരിൽ കാണുകയുണ്ടായി.
മഞ്ഞുപാളികളുടെ നാടായ അന്റാർട്ടിക്കയിൽ പൂച്ചെടികളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നതായുള്ള വിചിത്രമായ വാർത്തകൾ ഈയിടെ വായിച്ചത് ഓർമ്മിക്കുന്നു. മഞ്ഞുരുകലിന്റെ അനന്തരഫലമായി കടൽ ജലനിരപ്പ് ഉയരുകയും പല തീരദേശങ്ങളും ദ്വീപുരാജ്യങ്ങളും കടലിൽ അലിഞ്ഞുചേരുകയും ചെയ്യുന്നു. അങ്ങനെ കാലാവസ്ഥാ വ്യതിയാനത്തിന്റെ നിരവധി നേർക്കാഴ്ചകൾ ആഗോളതാപനത്തിന്റെ ഭീതിദമായ ഓർമ്മപ്പെടുത്തലുകളായി നമ്മെ ഇന്ന് വേട്ടയാടുന്നു. മനുഷ്യരാശി ആകമാനം പങ്കുവയ്ക്കുന്ന നമ്മുടെ പൊതുസ്വത്തായ ഭൂമി ആഗോള താപനത്തിന്റെ ഫലമായി മനുഷ്യൻ ഉൾപ്പെടെയുള്ള പല ജീവജാലങ്ങൾക്കും താമസയോഗ്യം അല്ലാതെയാവുന്ന കാലം വിദൂരമല്ല.
ഇപ്പോഴത്തെ നില തുടർന്നാൽ കഷ്ടിച്ച് നൂറുകൊല്ലം കഴിയുമ്പോൾ ഭൂമിയുടെ രൂപവും ഭാവവും പാടേ വ്യത്യസ്തമായിരിക്കും എന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ഒരുപക്ഷേ മനുഷ്യനും പക്ഷിമൃഗാദികൾക്കും വാസയോഗ്യമല്ലാത്ത അവസ്ഥ സംജാതമായേക്കാം.
പരിസ്ഥിതി ലോലമേഖലകൾ ഉൾപ്പെട്ട പശ്ചിമഘട്ടത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഏതാനും വർഷം മുൻപ് തയ്യാറാക്കപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ടും പിന്നീടുവന്ന കസ്തൂരിരംഗൻ റിപ്പോർട്ടും പുരോഗമനവാദികളായ നമ്മൾ എങ്ങനെയാണ് സ്വീകരിച്ചതെന്ന് ഓർക്കുക! അതിന്റെ തിക്തഫലങ്ങൾ 2018 മുതൽ പലതവണ കേരളം അനുഭവിക്കുകയും ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ആഗോളതാപനം പ്രതിരോധിക്കുന്നതിനും നിയമങ്ങൾ എവിടെയുമുണ്ടെങ്കിലും അവ കൃത്യമായി പരിപാലിക്കുന്നതിൽ ഗുരുതരമായ ഉദാസീനതയും അനാസ്ഥയും നിലനിൽക്കുന്നതാണ് ദൗർഭാഗ്യകരം.
പ്രധാനമായും യൂറോപ്പിലും അമേരിക്കയിലും പത്തൊൻപതാം നൂറ്റാണ്ടിലും അതിനുശേഷവും ഉണ്ടായ വ്യവസായവത്കരണത്തിന്റെ ഫലമായി അന്തരീക്ഷത്തിലേക്കു തള്ളിയ കാർബൺ ഡൈ ഓക്സൈഡ് ഉൾപ്പെടെയുള്ള ഹരിതഗൃഹ വാതകങ്ങളുടെ അമിത സാന്നിദ്ധ്യമാണ് ആഗോളതാപനമെന്ന പ്രതിഭാസത്തിന് അടിസ്ഥാന ഹേതു. ഫോസിൽ ഇന്ധനങ്ങൾ എന്ന് പൊതുവേ അറിയപ്പെടുന്ന പെട്രോളും ഡീസലും പ്രകൃതിവാതകവും കൽക്കരിയും ഇന്ധനമായി ഉപയോഗിക്കുന്തോറും അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കൂടിക്കൊണ്ടിരിക്കും. കാർബണിന്റെ ഉപഭോഗം കുറയ്ക്കാതെ ആഗോളതാപനത്തെ പിടിച്ചുനിറുത്താനോ ലഘൂകരിക്കാനോ കഴിയില്ല. പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന ഏതു പ്രവൃത്തിയും പരിസ്ഥിതിക്കും ആവാസ വ്യവസ്ഥയുടെ നാശത്തിനും ആഗോളതാപനത്തിനും കാരണമായിത്തീരും.
ആഗോളവ്യാപകമായി കാർബൺ ഉപഭോഗം കുറയ്ക്കാനുള്ള ആസൂത്രിത പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകൾ ആവുമ്പോഴും കാര്യമായ പുരോഗതി ഇക്കാര്യത്തിൽ കൈവരിക്കാനായിട്ടില്ല. കാർബൺ അടിസ്ഥാനമല്ലാത്ത ഊർജ്ജസ്രോതസുകൾ പരക്കെ ഉപയോഗിക്കപ്പെടുകയും അന്തരീക്ഷ മലിനീകരണം
നിയന്ത്രിക്കപ്പെടുകയും പ്രകൃതിസംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്താലല്ലാതെ നമ്മൾ നേരിടുന്ന വിപത്തിനെ പ്രതകിരോധിക്കാനാകില്ല. അതിന് ലോകത്തെ വൻകിട ഉത്പാദനശക്തികൾ ഉൾപ്പെടെ ഓരോരുത്തരുടെയും സംഭാവനകൾ അത്യന്താപേക്ഷിതമാണു താനും. അതിൽ പരാജയപ്പെട്ടാൽ അനന്തര തലമുറ നമുക്ക് മാപ്പു തരില്ല. ആഗോളതാപനം ഏറുകയും കാലാവസ്ഥാ പ്രകൃതികൾ മാറുകയും, ഭൂമി അതിന് അനുസൃതമായി പരിവർത്തനം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ ആ ഭൂമിയിൽ കാണപ്പെടാൻ സാദ്ധ്യതയില്ലാത്ത ഒരു ജീവി മനുഷ്യനായിരിക്കും!
(ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പ്രകൃതിസംരക്ഷണ വിഷയങ്ങളും ചർച്ചചെയ്യുന്ന 'ദി റേജിങ് ഹിമാലയാസ് ആൻഡ് എ വാമിങ് പ്ളാനറ്റ് " എന്ന ഇംഗ്ളീഷ് ഗ്രന്ഥത്തിന്റെ കർത്താവാണ് ലേഖകൻ)