g

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് ഭരണഘടന ചില അവകാശങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. അതിന്റെ ഉദ്ദേശ്യം ജനക്ഷേമമാണ്. അല്ലാതെ ജനപ്രതിനിധിയുടെ ക്ഷേമമല്ല. ഒരു ജനപ്രതിനിധി സഭയിൽ നിർഭയമായും സ്വാതന്ത്ര്യ‌‌ത്തോടെയും ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവതരിപ്പിക്കണം. അതിനെ കോടതിയിൽ ഒരു പൗരനും ചോദ്യം ചെയ്യാൻ പാടില്ല. അങ്ങനെ ചോദ്യം ചെയ്യാൻ അനുവദിച്ചാൽ നിയമ നിർമ്മാണ സഭകളും ജുഡിഷ്യറിയും തമ്മിലുള്ള നിരന്തര ഏറ്റുമുട്ടലാവും ഫലം. ഇതുണ്ടാകരുത് എന്ന ഉദ്ദേശ്യശുദ്ധിയോടെയാണ് ഭരണഘടനയിൽ ജനപ്രതിനിധികൾക്ക് പ്രത്യേക പരിരക്ഷ നൽകിയിരിക്കുന്നത്.

ഏതു പരിരക്ഷയും നിയമവും കാലക്രമത്തിൽ ദുരുപയോഗം ചെയ്യപ്പെടാം എന്നതിന്റെ തെളിവാണ് കോഴ വാങ്ങി വോട്ട് ചെയ്തതായി തെളിഞ്ഞാലും സാമാജികർക്കെതിരെ നിയമ നടപടി എടുക്കാനാവില്ലെന്ന 1998-ലെ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി. ചരിത്രപരമായ ആ തെറ്റ് കാൽ നൂറ്റാണ്ടിനു ശേഷം സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് തിരുത്തിയിരിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് 1998-ലെ വിധി പൊതുതാത്പര്യത്തിനും ജനാധിപത്യത്തിനും എതിരാണെന്ന് ഏകകണ്ഠമായി ചൂണ്ടിക്കാട്ടിക്കൊണ്ടാണ് സഭയിൽ വോട്ടു ചെയ്യാനോ പ്രസംഗിക്കാനോ കോഴ വാങ്ങുന്ന സാമാജികർക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് വിധിച്ചിരിക്കുന്നത്.

നിയമസഭയിലും പാർലമെന്റിലും പ്രസംഗിക്കുന്നതിനും വോട്ട് ചെയ്യുന്നതിനും മാത്രമാണ് നിയമ പരിരക്ഷ ഭരണഘടനയിൽ പറഞ്ഞിട്ടുള്ളത്. അതിനുവേണ്ടി ജനപ്രതിനിധികൾ ഭാവിയിൽ കോഴ വാങ്ങുന്ന സാഹചര്യം ഉണ്ടാകുമെന്ന് ഭരണഘടനയ്ക്ക് രൂപം നൽകിയ വേളയിൽ അവർ ചിന്തിച്ചിരുന്നില്ല. കോഴയും കാലുമാറലുമൊക്കെ പിന്നീട് ജനാധിപത്യത്തിനു സംഭവിച്ച അപചയത്തിന്റെ ഭാഗമായി കടന്നുകൂടിയതാണ്. ഏതൊരു കാര്യസാദ്ധ്യത്തിനും കോഴ നൽകുന്നതും വാങ്ങുന്നതും നിരോധിച്ചിട്ടുള്ള രാജ്യമാണ് ഇന്ത്യ. ജനങ്ങൾക്ക് ബാധകമായ ആ നിയമം ജനപ്രതിനിധിയായാൽ ലംഘിക്കാം എന്നു വരുന്നത് ജനാധിപത്യത്തിന്റെ അടിത്തറ ഇളക്കാനല്ലാതെ ഒരു തരത്തിലും ബലപ്പെടുത്താൻ ഇടയാക്കില്ല. കോഴ വാങ്ങിച്ചുകൊണ്ട് ചെയ്യുന്ന പ്രവൃത്തി സഭയ്ക്കുള്ളിലായതിനാൽ അംഗത്തിന് ഭരണഘടനാപരമായ പരിരക്ഷയ്ക്ക് അർഹതയുണ്ടെന്നായിരുന്നു 1998-ലെ വിധി. പ്രമാദമായ ജെ.എം.എം കോഴക്കേസിൽ പി.വി. നരസിംഹറാവുവിനെ രക്ഷിച്ചത് ഈ വിധിയായിരുന്നു. ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരായ ആ വിധിയാണ് സുപ്രീംകോടതിയുടെ തന്നെ ഏഴംഗ ഭരണഘടനാ ബെഞ്ച് ഇപ്പോൾ അസാധുവാക്കിയിരിക്കുന്നത്.

നിയമങ്ങൾ സൃഷ്ടിക്കുന്നത് മനുഷ്യന്റെ ക്ഷേമത്തിനും നന്മയ്ക്കും വേണ്ടിയാണ്. ഏതൊരു നിയമവും കാലക്രമത്തിൽ തിന്മയ്ക്കു വേണ്ടി ദുരുപയോഗം ചെയ്യപ്പെട്ടാൽ അത് തിരുത്തപ്പെടുക തന്നെ വേണം. തെറ്റ് ആർക്കും സംഭവിക്കാം. ഭരണാധികാരികളും കോടതികളും ജനങ്ങളും തെറ്റിൽ നിന്ന് പൂർണമായും മുക്തരല്ല. പക്ഷേ ആ തെറ്റ് തിരുത്തപ്പെടുമ്പോഴാണ് സമൂഹവും ജനാധിപത്യവും കൂടുതൽ പരിഷ്‌കൃതമായി മാറുന്നത്. അത്തരമൊരു തെറ്റിന്റെ കവാടം അടച്ച വിധി വൈകിയെങ്കിലും ഇപ്പോഴെങ്കിലും ഉണ്ടായത് ജനാധിപത്യത്തെയും പാർലമെന്ററി സ്ഥാപനങ്ങളെയും കൂടുതൽ ശക്തിപ്പെടുത്താൻ ഉതകുമെന്നതിൽ സംശയമില്ല.