തിരുവനന്തപുരം: കെ.എസ്.യു ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്.
പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. ജലപീരങ്കിയേറ്റ് തെറിച്ചുവീണ ജില്ല ഭാരവാഹികളായ സാജൻ, ജെറിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു അമ്പതോളം പ്രവർത്തകർ അണിനിരന്ന മാർച്ച് ആരംഭിച്ചത്. സെക്രട്ടേറിയറ്റിനു മുമ്പിൽ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാർച്ച് തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിട്ട് സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ചതോടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
തുടർന്ന് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. ഇതോടെ പ്രവർത്തകർ ചിതറിയോടി. വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർ പൊലീസുമായി വാക്കേറ്റത്തിലേർപ്പെട്ടു. അരമണിക്കൂറോളം സംഘർഷാവസ്ഥ നിലനിന്നു. പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ അല്പനേരം റോഡ് ഉപരോധിച്ച ശേഷം രാഹുലിന്റെ സമരപ്പന്തലിലേക്ക് പോയതോടെയാണ് സംഘർഷത്തിനു അയവുവന്നത്.
കെ.എസ്.യു ജില്ല പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യൻ, സംസ്ഥാന ഭാരവാഹികളായ എസ്.കെ.അരുൺ, അനന്തകൃഷ്ണൻ, തൗഫീക്, കൃഷ്‌ണകാന്ത്, ആസിഫ്, ശരത്, ലിനറ്റ്, നസിയ മുണ്ടപ്പള്ളി, അമൃതപ്രിയ, ജിഷണു എന്നിവർ മാർച്ചിനു നേതൃത്വം നൽകി.