
തിരുവനന്തപുരം: യു.ഡി.എഫിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും തലസ്ഥാന ജില്ലയിൽ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമാണ്. രണ്ട് സിറ്റിംഗ് എം.പിമാരാണ് -അടൂർപ്രകാശും ശശിതരൂരും- വീണ്ടും ജില്ലയിൽ കളത്തിലിറങ്ങുന്നത്. രണ്ട് മണ്ഡലത്തിലും ജയത്തിൽ കുറഞ്ഞൊന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. രണ്ട് എം.പിമാർക്കും അവരവരുടെ ലോക് സഭാ മണ്ഡലങ്ങളിലുള്ള സ്വീകാര്യതയാണ് ഈ ആത്മവിശ്വാസത്തിന് അടിത്തറ. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള വ്യക്തമായ പ്രവർത്തന പദ്ധതി തയ്യാറാക്കിയാവും യു.ഡി.എഫ് രംഗത്തിറങ്ങുകയെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷൻ പാലോട് രവി.
?യു.ഡി.എഫ് ജില്ലയിൽ മുന്നോട്ടു വയ്ക്കുന്ന
പ്രധാനവിഷയങ്ങൾ എന്താവും.
തിരഞ്ഞെടുപ്പിലെ ദേശീയ കാഴ്ചപ്പാടാണ് പ്രധാന പ്രശ്നം. രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും ബഹുസ്വരതയും തകർത്ത് രാജ്യത്തെ ചിന്നഭിന്നമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണം തിരിച്ചുവരണം.
സംസ്ഥാനത്തെ സംബന്ധിച്ച് വിലക്കയറ്റം അതിരൂക്ഷമാണ്. അതിന് പുറമെ തൊഴിലില്ലായ്മയും. മറ്റൊരു കാലത്തും ഉണ്ടാവാത്ത വിധത്തിലുള്ള അഴിമതിയാണ് ഭരണതലത്തിൽ നടക്കുന്നത്. പ്രത്യേകിച്ച് ഒരു കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലത്ത്. നിസംഗ സർക്കാരാണ് ഭരിക്കുന്നത്. ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് ആദ്യമായിട്ടാണ്. ക്ഷേമപെൻഷനുകളും മുടങ്ങി. ജനങ്ങൾക്ക് സഹിക്കാനാവാത്ത സ്ഥിതിയാണ്.
?ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ
തലസ്ഥാന ജില്ലയെ ഇത്രയും അവഗണിച്ച മറ്റൊരു സർക്കാരില്ല. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോൾ ക്യാപ്പിറ്റൽ ഡെവലപ്മെന്റ് ഫണ്ട് രൂപീകരിച്ചിരുന്നു. തലസ്ഥാനത്തെ 46 കിലോമീറ്ററോളം റോഡ് ഗതാഗത യോഗ്യമാക്കിയത് ഈ ഫണ്ടുപയോഗിച്ചാണ്. ദൈവത്തിന്റെ സ്വന്തം നാടെന്ന് പറയുമ്പോഴും ടൂറിസം വികസനത്തിന് ബഡ്ജറ്റിലോ പ്ളാൻ ഫണ്ടിലോ ആവശ്യമായ പണം വകയിരുത്തിയില്ല. കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ തലസ്ഥാന ജില്ലയുടെ വികസനം ലക്ഷ്യമിട്ട് ഒറ്റ പദ്ധതി നടപ്പാക്കിയില്ല.
?ജില്ലയുടെ വിഷയങ്ങൾ എങ്ങനെ പരിഹരിക്കാനാവും
വികസനത്തിന് ഒരു ബദൽ മാസ്റ്റർ പ്ളാൻ തയ്യാറാക്കും. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ രണ്ട് എം.പിമാരെയും യോജിപ്പിച്ചു കൊണ്ട് വിശദമായ പദ്ധതി തയ്യാറാക്കി കേന്ദ്രസർക്കാരിന് സമർപ്പിക്കും. വിഴിഞ്ഞം തുറമുഖം, ടൂറിസം, വിമാനത്താവളം, റെയിൽവെ സ്റ്റേഷൻ വികസനം എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള സമഗ്രമായ മാസ്റ്രർ പ്ളാൻ കേന്ദ്രസർക്കാർ അധികാരമേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും.