ennayattusala

എണ്ണയാട്ട് ശാലയിൽ കെട്ടിക്കിടക്കുന്നത് ഒന്നേകാൽ ലക്ഷം ലിറ്റർ വെളിച്ചെണ്ണ

ആറ്റിങ്ങൽ: നാളികേര കോർപ്പറേഷന്റെ എണ്ണയാട്ട് ശാലയിൽ ഒന്നേകാൽ ലക്ഷം ലിറ്റർ വെളിച്ചെണ്ണ കെട്ടിക്കിടക്കുന്നു. സ്ഥാപനം തൊഴിൽ സാമ്പത്തിക പ്രതിസന്ധിയിൽ. സംസ്ഥാന നാളികേര വികസന കോർപ്പറേഷന്റെ മാമത്തെ എണ്ണയാട്ട് ശാലയിലാണ് രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന വെളിച്ചെണ്ണ കെട്ടിക്കിടക്കുന്നത്.
രണ്ടുതവണ ഫിൽറ്റർ ചെയ്ത ശുദ്ധമായ വെളിച്ചെണ്ണ കേരജമെന്ന പേരിൽ പായ്ക്കറ്റിലാക്കി ലിറ്ററിന് 160 രൂപയ്ക്കും,ബോട്ടിലിൽ നിറച്ചതിന് 180 രൂപയ്ക്കുമാണ് കേന്ദ്രത്തിന്റെ മുന്നിലെ വില്പനകേന്ദ്രം വഴി വിറ്റിരുന്നത്. ഇവിടെ മാസം 5 ലക്ഷത്തോളം രൂപയുടെ വില്പന നടന്നിരുന്നു. ഇതാണ് കേന്ദ്രത്തിന്റെ ഏക വരുമാനവും.

വെളിച്ചെണ്ണ കെട്ടിക്കിടക്കുന്നതു മൂലം ഗോഡൗണിലുള്ള കൊപ്ര സംസ്കരിച്ച് എണ്ണയാക്കാൻ കഴിയുന്നില്ല. ഇതോടെ ഇവിടെ ജോലിയുള്ള കരാറുകാരുടെ ജോലിയും മുടങ്ങി.20 ജീവനക്കാർ ഇവിടെയുണ്ടെങ്കിലും മിക്കവരും താത്കാലിക ജീവനക്കാരാണ്.ഇവർക്കെന്നും ജോലിയുമില്ല.ഒരു മാസം പത്ത് ദിവസം പോലും ഇവർക്ക് ജോലി ലഭിക്കുന്നില്ലെന്നാണ് പരാതി.

കേന്ദ്രം പ്രവർത്തനം ആരംഭിച്ചത് - 1975ൽ

രണ്ട് ടാങ്കുകളിൽ

കഴിഞ്ഞ ഡിസംബറിൽ പാലക്കാട് നിന്നെത്തിച്ച 20 ലോഡ് കൊപ്ര സംസ്കരിച്ച് ആട്ടിയെടുത്ത വെളിച്ചെണ്ണയാണ് രണ്ട് കൂറ്റൻ ടാങ്കുകളിൽ മാസങ്ങളായി കെട്ടിക്കിടക്കുന്നത്.രണ്ട് ടാങ്കിലുമായി 1.25 ലക്ഷം ലിറ്റർ വെളിച്ചെണ്ണയുണ്ടെന്ന് ജീവനക്കാർ പറയുന്നു.വെളിച്ചെണ്ണയുടെ മൊത്ത വില്പനയില്ലാതായതോടെ രണ്ട് ലോഡ് കൊപ്രയും സംസ്കരണ കേന്ദ്രത്തിന്റെ ഗോഡൗണിൽ കെട്ടിക്കിടക്കുകയാണ്.

ടാങ്ക് പഴയത്

വെളിച്ചണ്ണ സംഭരണത്തിനായി പുതിയ സംഭരണി സ്ഥാപിക്കുന്നതിന് ലക്ഷങ്ങളുടെ ടെൻഡർ നൽകിയെങ്കിലും പഴയ ടാങ്ക് തന്നെ അറ്റകുറ്റപ്പണികൾ നടത്തി പെയിന്റടിച്ച് തുക തട്ടിയെടുത്തതായും ആക്ഷേപമുണ്ട്. തുരുമ്പെടുത്തതും ഉപയോഗ ശൂന്യവുമായ സാധനങ്ങൾ ലേലം ചെയ്യുന്ന കൂട്ടത്തിൽ ശാലയിലെ എണ്ണ സംഭരണ ടാങ്കുമുണ്ടായിരുന്നത്രെ. അത് ഒഴിവാക്കിയാണ് അറ്റകുറ്റപ്പണികൾ നടത്തി ടാങ്ക് പെയിന്റടിച്ചെടുത്തതെന്നാണ് ആക്ഷേപം.

കൊപ്രായിലും അഴിമതി

ഡിസംബറിൽ പാലക്കാട്ടു നിന്ന് കൊണ്ടുവന്ന കൊപ്ര ഗുണനിലവാരമില്ലാത്തതായതിനാലാണ് എണ്ണ വിറ്റ് പോകാത്തതെന്ന് തൊഴിലാളികൾ പറയുന്നു. എന്നാൽ ഇത് സംസ്കരണ കേന്ദ്രത്തിന്റെ മാനേജർ നിഷേധിച്ചു. കൊപ്രയും വെളിച്ചണ്ണയും കേന്ദ്രത്തിന്റെ ലാബിൽ പരിശോധന നടത്തി ഗുണനിലവാരം ഉറപ്പുവരുത്തുമെന്ന് മാനേജർ രാഗേഷ് പറഞ്ഞു.