വെഞ്ഞാറമൂട്: കടുത്ത വേനലിൽ മനുഷ്യരെപ്പോലെ വേണം വളർത്തുമൃഗങ്ങളുടെ കാര്യത്തിലും ശ്രദ്ധ. പശു,ആട്,എരുമ,പോത്ത്,പൂച്ച,പലതരം അലങ്കാര പക്ഷികൾ,നായ്ക്കൾ,അലങ്കാര മീനുകൾ തുടങ്ങിയവ ഉഷ്‌ണരോഗ ഭീഷണിയിലാണ്. നിർജ്ജലീകരണമുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമാവുകയാണ്. കോഴി,താറാവ് എന്നിവയിൽ വൈറസ് രോഗവും വ്യാപിക്കുന്നുണ്ട്.

കന്നുകാലികളിലെ നിർജ്ജലീകരണം പാലുത്പാദനം കുറയ്ക്കുന്നു. ചൂടുമൂലം പക്ഷിമൃഗങ്ങൾക്ക് വിശപ്പും പ്രതിരോധശേഷിയും കുറയും. വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിൽ നിന്ന് ധാതുലവണങ്ങൾ നഷ്ടമാകുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കാൻ ഇടയാകും.വളർത്തു പക്ഷികളിലും പൂച്ചകളിലും നായ്ക്കളിലും വരണ്ട ചർമ്മവും രോമം കൊഴിച്ചിലും വ്യാപകമായി.

പക്ഷികളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. മൃഗങ്ങൾ ശരീരതാപനില കുറയ്ക്കാൻ ഒരു പരിധിവരെ സ്വയം മുൻകരുതൽ സ്വീകരിക്കുന്നുണ്ടെങ്കിലും പക്ഷികൾക്ക് ഇതിനുള്ള കഴിവില്ല.ശരീരതാപത്തെക്കാൾ ഒരു ഡിഗ്രി ഉയർന്നാൽ പോലും കുഴഞ്ഞുവീഴാനുള്ള സാദ്ധ്യത കൂടുതലാണ്. ഉച്ചസമയത്ത് കന്നുകാലികളെ കുളിപ്പിക്കരുത്. ശരീരതാപം കുറയുന്നതോടെ ശരീരത്തിനു കൂടുതൽ ഊർജം ഉപയോഗിക്കേണ്ടിവരും. ഇത് ജീവന് ആപത്താണ്. രാവിലെയും വൈകിട്ടും കുളിപ്പിക്കാം.

 ശ്രദ്ധിക്കാൻ

1.രാവിലെ 11 മുതൽ വൈകിട്ട് 3വരെ മൃഗങ്ങളെ മരത്തണലിലോ കൂടുകളിലോ സംരക്ഷിക്കുക.

2. കടുത്ത ചൂടുള്ളപ്പോൾ മൃഗങ്ങളെ കുളിപ്പിക്കരുത്

3. പക്ഷികൾക്ക് വെള്ളം കൊടുക്കുമ്പോൾ പാത്രത്തിൽ ഐസ് ഇടുക

4. തൊഴുത്തുകളിൽ ഫാനുകൾ ഘടിപ്പിക്കുക

5. പശുക്കൾക്ക് പച്ചപ്പുല്ല് കൂടുതലായി കൊടുക്കുക

6. കൂടിന് മുകളിൽ ഓല,വൈക്കോൽ പാകുക

7.രാവിലെ 11മുതൽ 3വരെ തീറ്റ കൊടുക്കരുത്

8. ധാരാളം വെള്ളം നൽകുക

9. രാവിലെയും വൈകിട്ടും മാത്രം തീറ്റ നൽകുക