photo

നെടുമങ്ങാട്: ചില വിദ്യാർത്ഥി സംഘടനകൾക്ക് രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണമില്ലെന്നും കാമ്പസ് രാഷ്ട്രീയം ആശയങ്ങളിൽ നിന്ന് മാറി കാമ്പസ് തടവറകളായി രൂപമാറ്റം സംഭവിച്ചിരിക്കുകയാണെന്നും മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ സി.ദിവാകരൻ പറഞ്ഞു.

പൂക്കോട് ഗവ.വെറ്ററിനറി കോളേജിൽ മരിച്ച സിദ്ധാർത്ഥിന്റെ വീട്ടിലെത്തി മാതാപിതാക്കളെയും സഹോദരനെയും സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ അതിപ്രസരം മൂത്ത കാമ്പസുകളിൽ ആസൂത്രിതമായ ഗ്യാംങ് കില്ലിംഗാണ് ഇപ്പോൾ നടക്കുന്നത്. സിദ്ധാർത്ഥിന്റെ മരണത്തിൽ ജനങ്ങൾക്ക് തൃപ്‌തികരമായ മറുപടി നൽകാൻ സർക്കാരിനുപോലും കഴിയുന്നില്ല.

എന്നാൽ,സർക്കാരെടുത്തിരിക്കുന്ന നടപടികൾ തനിക്ക് പൂർണമായും ബോദ്ധ്യമാണെന്നും വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.ഐ നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷരീഫ്,എ.ഷാജി,സുധാകരൻ നായർ,ഇരിഞ്ചയം വിജയൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.