
തിരുവനന്തപുരം: മിൽമയുടെ തിരുവനന്തപുരം യൂണിയൻ തിരഞ്ഞെടുപ്പിൽ 56 അഡ്മിനിസ്ട്രേറ്റർമാർ വോട്ട് ചെയ്‌തത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് നിയമം ഭേദഗതി ചെയ്യാൻ സർക്കാർ ഭേദഗതി കൊണ്ടുവന്നത്. മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലെ 55 ക്ഷീരസംഘങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ്. ഈ സംഘങ്ങളിൽനിന്നുള്ള പ്രതിനിധികളെ വോട്ടുചെയ്യാൻ അനുവദിച്ചിരുന്നു. ഇവരുടെ വോട്ടിന് നിയമപരമായ പിൻബലം നൽകാനാണ് 2021ഫെബ്രുവരി മുതൽ മുൻകാല പ്രാബല്യത്തോടെ അഡ്മിനിസ്ട്രേറ്റീവ് ഭരണസമിതികളുടെ പ്രതിനിധികൾക്കും വോട്ട് ചെയ്യാമെന്ന വ്യവസ്ഥ ഭേദഗതിയിലൂടെ കൊണ്ടുവന്നതെന്നാണ് ആക്ഷേപമുയർന്നത്.
ക്ഷീരസഹകരണ നിയമം ഭേദഗതി ചെയ്തിറക്കിയ ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാൻ വിസമ്മതിച്ച് സർക്കാരിലേക്ക് തിരിച്ചയച്ചിരുന്നു.