തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തിരുവനന്തപുരത്തെ യുവാക്കളെല്ലാം തൊഴിൽ ശേഷി കൈവരിക്കുമെന്നും രാജ്യത്തെ സെമികണ്ടക്ടർ,സൈബർ സുരക്ഷാ ഹബ്ബായി തിരുവനന്തപുരം മാറുമെന്നും കേന്ദ്ര ഐ.ടി മന്ത്രിയും എൻ.ഡി.എയുടെ ലോക്‌സഭാ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇത് കേന്ദ്ര ഗവൺമെന്റ് നൽകുന്ന ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർ ഇവാനിയോസ് കോളേജ് കാമ്പസിലെ ഗിരിദീപം കൺവെൻഷൻ സെന്ററിൽ നടന്ന കേരളത്തിലെ യുവാക്കളുടെ തൊഴിൽശേഷിയെ സംബന്ധിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ആരോഗ്യ സംരക്ഷണ മേഖലയിലെ പ്രൊഫഷണലുകൾക്കായുള്ള എൻ.എസ്.ഡി.സി.ഐയുടെ ജർമ്മൻ ഭാഷാ പരിശീലന പരിപാടിയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള 28 ഉദ്യോഗാർത്ഥികൾക്ക് അദ്ദേഹം നിയമന ഉത്തരവുകൾ കൈമാറി. ഇഗ്നോയുമായി സഹകരിച്ച് തിരുവനന്തപുരത്തെ നാഷണൽ സ്‌കിൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ലാംഗ്വേജ് പ്രൊഫിഷ്യൻസി പ്രോഗ്രാമിന്റെ (ജർമ്മൻ,ജാപ്പനീസ്) സമാരംഭവും പ്രധാൻമന്ത്രി കൗശൽ വികാസ് യോജനയുടെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവഹിച്ചു.

നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ ഒഫ് ട്രെയിനിംഗിന്റെ ഡയറക്ടർ ജനറലായ ത്രിഷാൽജിത് സേഥി,നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം സെക്രട്ടറി അതുൽ കുമാർ തിവാരി, എൻ.എസ്.ഡി.സി ഇന്റർനാഷണൽ ഡയറക്ടർ അജയ് കുമാർ റെയ്‌ന,ഡോ.പ്രതാപ് കുമാർ.എസ്,സി.യുവരാജ് തുടങ്ങിയവരും പങ്കെടുത്തു.