
തിരുവനന്തപുരം: മൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ തയ്യാറാക്കിയ 200 കോടിയുടെ പദ്ധതി തുക അടിയന്തരമായി അനുവദിക്കണമെന്ന് വനം വകുപ്പ് ധനവകുപ്പിനോട് ആവശ്യപ്പെട്ടു. സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ പദ്ധതി വൈകിയാൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കടുതൽ പേർ കൊല്ലപ്പെടുമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ.
അടിയന്തര നടപടി ആവശ്യപ്പെട്ട് വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും.വനാതിർത്തികളിൽ ട്രഞ്ചുകളും വൈദ്യുതി വേലികളും മുള്ളുവേലികളും നിർമ്മിക്കാനും വനത്തിൽ ജലാശയങ്ങൾ സൃഷ്ടിക്കാനുമുള്ള പദ്ധതി പ്ലാനിംഗ് ബോർഡ് അംഗീകരിച്ചതാണ്. തുക ആവശ്യപ്പെട്ട് വനംവകുപ്പ് അയച്ച ഫയലുകൾക്കൊന്നും ധനവകുപ്പ് മറുപടി നൽകിയില്ല. കേന്ദ്രത്തിന് നൽകിയ 620 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചില്ല.
കണ്ടു പഠിക്കണം
തമിഴ്നാടിനെ
തമിഴ്നാടിന്റെ വനാതിർത്തികളിൽ മുമ്പ് കേരളത്തേക്കാൾ കൂടുതൽ വന്യമൃഗശല്യം ഉണ്ടായിരുന്നു. പത്തു വർഷം കൊണ്ട് തമിഴ്നാട് ആ പ്രശ്നങ്ങൾ പരിഹരിച്ചു. 450 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കിയത്. വൈദ്യുതി വേലികൾ, ട്രഞ്ചുകൾ, മുള്ളുവേലികൾ എന്നിവ സ്ഥാപിച്ചു. ആനകൾ കൃഷിയിടത്തിലേക്ക് കടക്കുന്ന സ്ഥലങ്ങൾ കൃത്യമായി മനസ്സിലാക്കി അവിടെ ട്രഞ്ചുകൾ നിർമ്മിച്ചു. ട്രഞ്ചു കടന്ന് എത്തിയാലും മുള്ളുവേലിയോ വൈദ്യുത വേലിയോ ഉണ്ടാകും. വനത്തിൽ തന്നെ മൃഗങ്ങൾക്ക് വെള്ളവും ലഭ്യമാക്കി.
കാടുവളർത്താൻ 2 കോടി
മൂന്നാർ വന്യജീവി ഡിവിഷനിൽ 2019ൽ പരിസ്ഥിതി പുനഃസ്ഥാപനം (എക്കോ റെസ്റ്റോറേഷൻ) പദ്ധതി കൊണ്ടുവന്നു. 2022 വരെ യു.എൻ.ഡി.പി പദ്ധതി പ്രകാരം 2 കോടിയിലേറെ രൂപയാണ് ചെലവഴിച്ചത്. ജലസ്രോതസ്സുകളുടെ നവീകരണം, പുല്ലുവച്ചു പിടിപ്പിക്കൽ, മരങ്ങൾ നട്ടു പിടിപ്പിക്കൽ തുടങ്ങിയവയെല്ലാം നടപ്പാക്കി. ആനകൾക്ക് ആഹാരം കാട്ടിൽ ഒരുക്കാനാണ് പദ്ധതി . എന്നിട്ടും മൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങിയത് പദ്ധതിയുടെ തുടർപരിപാലനം നടക്കാത്തതിനാലാണ്.