ഒറപ്പാലം: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് 10.300കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ ഒറ്റപ്പാലം എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടറും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശികളായ ജൂവൽ (23), രാഹിദുൽ മണ്ടൽ (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ എക്‌സൈസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സജിതയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ജൂവലിന്റെ പക്കൽ നിന്നും 5.100 കിലോഗ്രാമും റാഹിദുൽ മണ്ടലിന്റെ പക്കൽ നിന്നും 5.250 കിലോഗ്രാമും ഉണക്ക കഞ്ചാവാണ് കണ്ടെടുത്തത്. പ്രതികൾ ഒഡീഷയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയത് എന്ന് മൊഴി നൽകി. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ചില്ലറ വിൽപ്പന നടത്താനാണ് കൊണ്ടുവന്നിട്ടുള്ളത്. പിടികൂടിയ കഞ്ചാവിന് മാർക്കറ്റിൽ പത്ത് ലക്ഷം രൂപ വിലവരും. പ്രതികളെ ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്യസംസ്ഥാന ബസുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കുമെന്ന് പാലക്കാട് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണർ വി.റോബർട്ട് അറിയിച്ചു.
എക്‌സൈസ് ഇൻസ്‌പെക്ടറുടെ ഒ.സജിതയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ.ഒ.പ്രസന്നൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വി.ദേവകുമാർ, എം.എ.പ്രദീഷ് കുമാർ, കെ.പി.രാജേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ പി.ഹരീഷ്, സി.സി.പ്രദീപ്, സുധീഷ് ആർ.നായർ, സീനിയർ ഗ്രേഡ് എക്‌സൈസ് ഡ്രൈവർ കെ.ജെ.ലൂക്കോസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സചിത്ര, രഞ്ജിനി എന്നിവർ പങ്കെടുത്തു.