കണ്ണൂർ: ഓൺലൈൻ തട്ടിപ്പിനെതിര് ജാഗ്രത പാലിക്കാൻ പൊലീസും മറ്റും നിർദ്ദേശം നൽകുമ്പോഴും കെണിയിൽ പെട്ട് പണം നനഷ്ടമാകുന്നവർ ഏറുന്നു. ഇന്നലെ മാത്രം പൊലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ മൂന്ന് പേർക്ക് നഷ്ടമായത് 1,31,147 രൂപ.

ബാങ്ക് ക്രെഡിറ്റ് കാർഡ് തട്ടിപ്പിൽ കുടുങ്ങിയാണ് ഒരു യുവാവിന് 99,272 രൂപ നഷ്ടമായത്. ഐ.സി.ഐ.സി.ഐ ക്രെഡിറ്റ് കാർഡിന്റെ കാർഡ് പ്രൊട്ടക്ഷൻ ഫെസിലിറ്റി ആക്ടിവേറ്റ് ചെയ്യാൻ എന്ന വ്യാജനയാണ് തട്ടിപ്പിന് ഇരയാക്കിയത്. യുവാവിന്റെ മൊബൈൽ നമ്പറിലേക്ക് ഐ.സി.ഐ.സി.ഐ സെയിൽസ് എക്സിക്യൂട്ടിവ് എന്ന വ്യാജേന കോൾ വരികയായിരുന്നു. തുടർന്ന് അവർ ആവശ്യപ്പെട്ടതനുസരിച്ച് കാർഡ് നമ്പറും ഒ.ടി.പിയും പറഞ്ഞതോടെ പണം നഷ്ടപ്പെടുകയായിരുന്നു.

മറ്റൊരു പരാതിയിൽ ആധാർ കാർഡ് പാൻ കാർഡുമായി ലിങ്ക് ചെയ്യണമെന്നു പറഞ്ഞ് യുവാവിന്റെ മൊബൈൽ നമ്പറിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നതിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പിയും പറഞ്ഞു കൊടുത്ത യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 7,500 രൂപ. ഓൺലൈനിൽ പാർട്ട് ടൈം വഴി ജോലി ചെയ്ത് പണം സമ്പാദിക്കാമെന്ന വാഗ്ദാനം നൽകി മറ്റൊരു യുവാവിന്റെ അക്കൗണ്ടിൽ നിന്ന് 24,375 രൂപയും തട്ടിയെടുത്തു.


ലോൺ ആപ്പ് ഭീഷണിയും

അനധികൃത ലോൺ ആപ്പിലൂടെ ലോൺ എടുത്ത ആളെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി. ലോൺ തുക മുഴുവൻ അടച്ചുകഴിഞ്ഞിട്ടും നിരന്തരം ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പണം അടക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിരവധി വ്യാജ വെബ്‌സൈറ്റുകൾ വഴിയും, ലോൺ ആപ്പുകൾ വഴിയും ചെറിയ പലിശ നിരക്കിൽ വായ്പ അനുവദിക്കാമെന്ന് പറഞ്ഞ് പണം നൽകിയ ശേഷം ലോൺ തുക പലിശ സഹിതം തിരിച്ചടച്ചാലും ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇത്തരക്കാരുടെ രീതി.

വേണം അതിജാഗ്രത
1. വാട്ട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തുക.

2. പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന മെസേജുകളോ, കമ്പനികളുടെ പരസ്യങ്ങളോ, കോളുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസേജ് അയയ്ക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യാതിരിക്കുക