1

പോത്തൻകോട്: സരിതയെ കരുതിക്കൂട്ടി അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പെട്രോളിനൊപ്പം വെട്ടുകത്തിയും മുളകുപൊടി കലർത്തിയ മണലും സജ്ജമാക്കിയാണ് ബിനു ആക്രമണത്തിനെത്തിയത്.

സരിതയെ പെട്രോളൊഴിച്ച് കത്തിച്ച ശേഷം രക്ഷപ്പെടാനായിരുന്നു നീക്കം. ആരെങ്കിലും തടയാനെത്തിയാൽ മുളകുപൊടി കണ്ണിലെറിഞ്ഞ് വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കൃത്യം നടപ്പാക്കുന്നതിനിടെ സരിത അപ്രതീക്ഷിതമായി കൈ തട്ടിയതോടെ പദ്ധതി പാളിപ്പോയതായാണ് പ്രതിക്കും പൊള്ളലേൽക്കാൻ കാരണമായത്.
മകൾ മറ്റൊരു മുറിയിലായതിനാൽ ബിനു പെട്രോളൊഴിച്ച് തീകൊളുത്തുന്നത് കണ്ടിരുന്നില്ല. അമ്മയുടെ നിലവിളികേട്ട് എത്തുമ്പോൾ തീ ആളിപ്പടരുന്നതാണ് കണ്ടത്.

ആറുമാസം മുമ്പ് സ്വന്തം വീട്ടിലെത്തി,

ഒടുവിൽ മരണത്തിലേക്ക്

വാടകയ്‌ക്ക് നൽകിയിരുന്ന വീട്ടിൽ വാടകക്കാരെ ഒഴിപ്പിച്ച് ആറുമാസം മുമ്പാണ് സരിതയും മകളും താമസത്തിനെത്തിയത്. സരിതയുടെ ഭർത്താവ് അനിൽകുമാർ 10 വർഷം മുമ്പ് രോഗം ബാധിച്ച് മരിച്ചിരുന്നു. ഭർത്താവിന്റെ മരണശേഷം കുടുംബ വീട്ടിൽ അമ്മയോടൊപ്പമായിരുന്നു താമസം. സ്‌കൂളിൽ ജോലിക്ക് പോയാണ് മകളെ പഠിപ്പിച്ചിരുന്നത്. നാട്ടുകാർക്കും സഹപ്രവർത്തകർക്കും ഇഷ്ടപ്പെട്ട വ്യക്തിത്വമായിരുന്നു സരിതയുടേത്. ചേങ്കോട്ടുകോണത്ത് പരേതനായ മണിയന്റെയും ഗോമതിയുടെയും മകളാണ് സരിത. സജീവാണ് സഹോദരൻ.

ഇന്നലെ രാവിലെ ഫോറൻസിക് വിഭാഗവും ഫിംഗർപ്രിന്റ് വിദഗ്ദ്ധരും സംഭവം നടന്ന വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. സംഭവസ്ഥലത്തു നിന്ന് പെട്രോൾ കൊണ്ടുവന്ന അഞ്ച് ലിറ്ററിന്റെ കന്നാസും ലൈറ്ററും കണ്ടെടുത്തു.