തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ അവകാശങ്ങളും അധികാരവിഹിതവും ആനുപാതിക പ്രാതിനിദ്ധ്യവും ഉറപ്പാക്കാൻ ജാതി സെൻസസ് അനിവാര്യമാണെന്ന് ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ പുന്നല ശ്രീകുമാർ പറ‌ഞ്ഞു. ജാതി സെൻസസ് നടത്തണമെന്നാവശ്യപ്പെട്ട് ദളിത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന അറുപത്തിയഞ്ചോളം പ്രമുഖ സംഘടനകളുടെ കൂട്ടായ്മയായ ആക്ഷൻ കൗൺസിൽ നടത്തുന്ന രാപ്പകൽ സമരം സെക്രട്ടേറിയറ്റിന് മുമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ നീതിക്ക്‌ വേണ്ടിയുള്ള പോരാട്ട പരമ്പരകളിലെ പുതിയപോർമുഖമാണ് ജാതിസെൻസിന്‌ വേണ്ടിയുള്ള സംയുക്ത പ്രക്ഷോഭമെന്നും അദ്ദേഹം പറഞ്ഞു.

ജാതി സെൻസസ് ആരുടെയും ഔദാര്യമോ സൗജന്യമോ അല്ലെന്ന് പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ മുൻ ഡയറക്ടർ വി.ആർ ജോഷി പറഞ്ഞു. സെൻസസ് നടന്നാൽ സവർണർ കുത്തകയാക്കിയിരിക്കുന്ന അധികാരവും സമ്പത്തും വിഭവങ്ങളും പദവികളും പൊതുസമൂഹം അറിയും. അത് തടസപ്പെടുത്തുകയാണ് സർക്കാരിന്റെയും നിലപാടെന്നും ജോഷി പറഞ്ഞു.

ആക്ഷൻ കൗൺസിൽ ചെയർമാൻ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അദ്ധ്യക്ഷനായി. ബിജുജോസി കരുമാൻചേരി, കുട്ടപ്പൻ ചെട്ടിയാർ, എൻ.ഡി. പ്രേമചന്ദ്രൻ, വിഷ്ണുപുരം ചന്ദ്രശേഖരൻ, പാട്രിക് മൈക്കിൾ, എച്ച്. ഷഹീർമൗലവി, ജി. നിശീകാന്ത്, എം.എം. അഷറഫ്, ജെ. ലോറൻസ്, പ്രൊഫ.അബ്ദുൽ റഷീദ്, നദീർ കടയറ, എം. യഹിയ, അൽ അമീൻ,ഡോ. അറുമുഖം, ഡോ. ഷാജി കുമാർ, ടി.കെ. മുരളീധരൻ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.