കാസർകോട്: കസ്റ്റഡിയിലെടുത്ത ശേഷം പൊലീസ് ബന്ധുക്കളുടെ കൂടെ വിട്ടയച്ച യുവാവ് മരിച്ചു. സംഭവത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിനെതിരെ തിരിഞ്ഞു. പൊലീസ് മർദ്ദനത്തെ തുടർന്നാണ് യുവാവ് മരിച്ചതെന്നാണ് ആരോപണം. മഞ്ചേശ്വരം മിയാപദവ് മദള സ്വദേശി പരേതനായ അബ്ദുള്ളയുടെയും ആമിനയുടെയും മകൻ മൊയ്തീൻ ആരിഫ് (22) ആണ് മരിച്ചത്. ഇന്നലെ മംഗ്ളുരു ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം.

ഞായറാഴ്ച രാത്രി ഒരു സംഘം യുവാക്കൾ കഞ്ചാവ് ലഹരിയിൽ ബഹളം വെക്കുന്നു എന്ന പരാതിയിൽ സ്ഥലത്തെത്തിയ മഞ്ചേശ്വരം പൊലീസ് ആരിഫിനെ പിടികൂടിയിരുന്നു. പിന്നീട് സ്റ്റേഷനിൽ എത്തിയ ബന്ധുക്കളുടെ കൂടെ യുവാവിനെ പൊലീസ് വിട്ടു. കാറിൽ കയറിയ ആരിഫ് ഇറങ്ങി ഓടാനും ശ്രമിച്ചു. ഇന്നലെ രാവിലെ ഛർദ്ദിച്ച് അവശനായ യുവാവിനെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹത്തിൽ മർദ്ദനത്തിന്റെ പാടുകൾ കണ്ടതിനെ തുടർന്ന് ബന്ധുക്കൾ പോസ്റ്റ്‌മോർട്ടം ആവശ്യപ്പെടുകയായിരുന്നു.

പൊലീസിന്റെ മർദ്ദനത്തിന്റെത് ആണ് പാടുകളാണെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ സ്റ്റേഷനിൽ നിന്ന് കൂട്ടി കൊണ്ടു പോയതിന് ശേഷമായിരിക്കാം മർദ്ദിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. യുവാവിന്റെ മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം ചെയ്യാനാണ് തീരുമാനം. ഹാജിറ, മിസ്രിയ, റാഫിയ, സാക്കിറ എന്നിവരാണ് ആരിഫിന്റെ സഹോദരങ്ങൾ: