പൊള്ളലേറ്റ സുഹൃത്ത് ചികിത്സയിൽ

പോത്തൻകോട്: ആൺ സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ച് ചികിത്സയിലായിരുന്ന ചേങ്കോട്ടുകോണം സോമസൗധത്തിൽ സരിത (45 ) ഇന്നലെ രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.
ആക്രമണത്തിനിടെ പൊള്ളലേറ്റ ചെല്ലമംഗലം പ്ളാവില വീട്ടിൽ ബിനു (50) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.

എഴുപത് ശതമാനത്തിലേറെ പൊള്ളലേറ്റ സരിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുമ്പോൾ അബോധാവസ്ഥയിൽ ആയിരുന്നതിനാൽ മൊഴിയെടുക്കാനായില്ല. പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നലെ ചേങ്കോട്ടുകോണത്തെ കുടുംബ വീട്ടിലെത്തിച്ച മൃതദേഹം മൂന്ന് മണിയോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.

തിങ്കളാഴ്ച രാത്രി 8.30നായിരുന്നു സംഭവം. ആക്ടിവ സ്‌കൂട്ടറിൽ സരിതയുടെ വീട്ടിലെത്തിയ പ്രതി വാക്കുതർക്കത്തിലേർപ്പെടുകയും കന്നാസിൽ കൊണ്ടുവന്ന പെട്രോൾ സരിതയുടെ ദേഹത്ത് ഒഴിക്കുകയുമായിരുന്നു. നിലവിളിച്ച സരിത, ബിനുവിന്റെ കൈയിൽ കടന്നുപിടിച്ച് തടയാൻ ശ്രമിച്ചു. അപ്പോൾ ബിനുവിന്റെ ദേഹത്തും പെട്രോൾ വീണു. ലൈറ്റർ ഉപയോഗിച്ച് സരിതയുടെ ദേഹത്ത് തീ കൊളുത്തുമ്പോൾ ബിനുവിന്റെ ദേഹത്തും തീ ആളിപ്പടരുകയായിരുന്നു. ഇയാൾ നിലത്തു കിടന്നുരുണ്ടെങ്കിലും തീ അണയാതെ വന്നതോടെ അടുക്കളവാതിലിലൂടെ പുറത്തിറങ്ങി കിണറ്റിൽ ചാടുകയായിരുന്നു.

നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സരിതയുടെ ദേഹത്തെ തീ അണച്ചത്. പൊലീസും ഫയർഫോഴ്സും എത്തിയാണ് സരിതയെ ആശുപത്രിയിലാക്കിയത്. രക്ഷാസേനാംഗങ്ങളാണ് ബിനുവിനെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലാക്കിയത്.
ബിനുവിന്റെ സ്‌കൂട്ടറിൽ നിന്ന് മുളകുപൊടി കലർത്തിയ മണ്ണും ഒരു വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തു. പൊലീസ് കേസെടുത്തിട്ടുണ്ട്.

വർഷങ്ങൾ നീണ്ട ബന്ധം

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബിനു എ.സി മെക്കാനിക്കാണ്. ഇയാളുടെ മക്കൾ പഠിക്കുന്ന സ്കൂളിലെ ബസിൽ ആയയായിരുന്നു സരിത. ഇരുവരും വർഷങ്ങളായി പരിചയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. സരിതയ്‌ക്കൊപ്പം ജോലി നോക്കുന്ന മറ്റൊരാളെ വിളിച്ച് കുട്ടികളുടെ കാര്യം ഇയാൾ തിരക്കുമായിരുന്നു.പലപ്പോഴും ബിനു വിളിക്കുമ്പോൾ ആ ഫോൺ സരിതയുടെ കൈയിലായിരുന്നു. അങ്ങനെയാണ് പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

ബിനുവിന്റെ ചെല്ലമംഗലത്തെ വീട്ടിൽ സരിത എത്തിയിരുന്നു. അതിന്റെ പേരിൽ ബിനുവും ഭാര്യയും തമ്മിൽ വഴക്കിട്ടതായും പൊലീസ് പറയുന്നു. ഇതേതുടർന്ന് സരിത ബിനുവിനെ അകറ്റി നിറുത്തി. ഇതിൽ പ്രകോപിതനായാണ് ഇയാൾ പെട്രോളുമായെത്തി ആക്രമിച്ചത്. സരിതയുടെ ഭർത്താവ് അനിൽകുമാർ 10 വർഷം മുമ്പ് മരണമടഞ്ഞു. ഏക മകൾ ഡിഗ്രി വിദ്യാർത്ഥിയാണ്.