ks

തിരുവനന്തപുരം:ശമ്പളം കിട്ടാൻ ജീവനക്കാർ നെട്ടോട്ടം ഓടുമ്പോൾ, സാമ്പത്തിക പ്രതിസന്ധി മൂലം താളം തെറ്റിയ ശമ്പളവിതരണം നേരെയാക്കാൻ മൂന്ന് ദിവസമെങ്കിലും എടുക്കുമെന്ന് സർക്കാർ.

ജീവനക്കാർ പല ഒാഫീസുകളിലും സെക്രട്ടറിമാർക്കും വകുപ്പ് മേധാവികൾക്കും പരാതികൾ നൽകിത്തുടങ്ങി. നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാർ ശമ്പളം ആവശ്യപ്പെട്ട് സ്പീക്കർക്ക് കത്ത് നൽകി. റവന്യൂവകുപ്പിൽ സെക്രട്ടറിക്കും മന്ത്രിക്കും ജീവനക്കാർ കൂട്ടത്തോടെ കത്ത് നൽകി. അദ്ധ്യാപകർക്കും ശമ്പളം കിട്ടിയില്ല. അവരും പ്രതിഷേധത്തിലാണ്.

ശമ്പളം കിട്ടിയവർക്ക് 50,000രൂപയാണ് കിട്ടുന്നത്. ട്രഷറിയിൽ നിന്ന് ദിവസങ്ങൾ കഴിഞ്ഞ് മാത്രമേ പിൻവലിക്കൂ എന്ന ഒാപ്ഷൻ എടുത്തവർക്ക് മുഴുവൻ ശമ്പളവും ക്രെഡിറ്റ് ആയിട്ടുണ്ട്.

നാൽപ്പത് ശതമാനം ജീവനക്കാർക്ക് മാത്രമാണ് ഇന്നലെവരെ ശമ്പളം കിട്ടിയതെന്നാണ് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. പൊലീസ്, എക്‌സൈസ്, റവന്യൂ, നികുതി, രജിസ്‌ട്രേഷൻ, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാർക്ക് ഇന്നലെ ശമ്പളം കിട്ടേണ്ടതായിരുന്നെങ്കിലും പലർക്കും കിട്ടിയിട്ടില്ല. അധ്യാപകരും ആരോഗ്യപ്രവർത്തകരും ഇന്നലെ ശമ്പളം കിട്ടുമെന്ന് പ്രതീക്ഷിച്ചെങ്കിലും കിട്ടിയില്ല. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളവിതരണം വൈകുന്നേരത്തോടെ പൂർത്തിയായി. ഇതോടെ ആക്‌ഷൻ കൗൺസിൽ നിരാഹാര സമരം അവസാനിപ്പിച്ചു.

സർക്കാരിന് പ്രതീക്ഷ സുപ്രീംകോടതിയിൽ

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ സംസ്ഥാനം സുപ്രീംകോടതിയിൽ നൽകിയ കേസ് ഇന്ന് പരിഗണിക്കും. അതിലാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. കേസിൽ തീർപ്പുണ്ടായില്ലെങ്കിലും ഇടക്കാല ഉത്തരവുണ്ടാകുമെന്നാണ് കരുതുന്നത്. കിഫ്ബിയും സാമൂഹ്യസുരക്ഷാകമ്പനിയും എടുത്ത വായ്പ സംസ്ഥാനത്തിന്റെ പൊതുവായ്പയിൽ പെടുത്തിയതും വായ്പലഭ്യത വെട്ടിക്കുറച്ചതുമാണ് സംസ്ഥാനം കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.