
തിരുവനന്തപുരം: ഭാഷാ പണ്ഡിതനും ഇംഗ്ലിഷ് അദ്ധ്യാപകനുമായിരുന്ന പ്രൊഫ. പി.ബാലകൃഷ്ണൻ നായർ (94)വെള്ളയമ്പലം - ശാസ്തമംഗലം റോഡിലെ വസതിയായ ‘അമ്പാരി’യിൽ നിര്യാതനായി. വിവിധ സർക്കാർ കോളജുകളിൽ പ്രവർത്തിച്ച അദ്ദേഹം ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ വകുപ്പു മേധാവിയുമായിരുന്നു. ഭാര്യ ശാന്തകുമാരി മഹാരാജാസ് കോളേജിലെ ഫിസിക്സ് വിഭാഗത്തിൽ അദ്ധ്യാപികയായിരുന്നു. പ്രമുഖ എഴുത്തുകാരനായ പ്രൊഫ.എം.കെ.സാനുവിന്റെ സതീർഥ്യനും സഹപ്രവർത്തകനുമായിരുന്നു പ്രൊഫ. ബാലകൃഷ്ണൻ നായർ. എറണാകുളം കാരിക്കാമുറിയിൽ ഇരുവരും അയൽവാസികളുമായിരുന്നു.
കോട്ടയത്തു ജനിച്ച ബാലകൃഷ്ണൻ നായർ യൂണിവേഴ്സിറ്റി കോളജിലെ അദ്ധ്യാപന കാലത്താണ് തിരുവനന്തപുരത്ത് താമസമാക്കിയത്. സാഹിത്യകൃതികളുടെ വിവർത്തകനും സംശോധകനുമായിരുന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി എഴുതിയ ‘ഹിസ്റ്ററി ലിബറേറ്റഡ് - ദ ശ്രീചിത്ര സാഗ’ എന്ന പുസ്തകത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 94 വയസ് പൂർത്തിയായതിന്റെ പിറ്റേന്നായിരുന്നു അദ്ദേഹത്തിന്റെ വേർപാട്. മകൾ: ഡോ എസ്.ഗീത (യുഎസ്). മരുമകൻ: ഡോ. കിരൺ (യുഎസ്).