ശംഖുംമുഖം: വിമാനത്തിന്റെ ടോയ്‌ലെറ്റിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച മൂന്നു കിലോയോളം സ്വർണം ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് വിഭാഗം (ഡി.ആർ.ഐ) പിടികൂടി. ഇന്നലെ രാവിലെ 10.30ന് ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ എയർലൈസിന്റെ 6ഇ 1426-ാം നമ്പർ വിമാനത്തിലെ ടോയ്‌ലെറ്റിലാണ് സ്വർണം മിശ്രിതരൂപത്തിലാക്കി കടത്താൻ ശ്രമിച്ചത്.

യാത്രക്കാരൻ സ്വർണം കടത്തുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡി.ആർ.ഐ സംഘം വിമാനത്താവളത്തിലെത്തി ടെർമിനിലിനുള്ളിൽ പ്രവേശിച്ചു. റൺവേയിൽ ലാൻഡിംഗ് നടത്തി വിമാനം എയറോബ്രിഡ്ജിലേക്ക് കണക്ട് ചെയ്‌ത് യാത്രക്കാർ പുറത്ത് ഇറങ്ങുന്നതിന് മുമ്പു ഉദ്യോഗസഥർ വിമാനത്തിനുള്ളിൽ കയറി യാത്രക്കാരെ നിരീക്ഷിച്ചു. എന്നാൽ സ്വർണം കണ്ടെത്താനായില്ല. പിന്നീട് യാത്രക്കാർ പുറത്തിറങ്ങിയ ശേഷം വിമാനത്തിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ടോയ്‌ലെറ്റിന്റെ അടിയിൽ പ്രത്യേക തരത്തിലുണ്ടാക്കിയ അറയിലെ കവറിനുള്ളിൽ ഒളിപ്പിച്ചിരുന്ന സ്വർണം കണ്ടത്തിയത്.

സ്വർണം വേർതിരിച്ചെടുത്തപ്പോൾ 2458 ഗ്രാം തൂക്കമുണ്ടായിരുന്നു. പൊതുവിപണിയിൽ രണ്ടുകോടിയോളം വിലവരുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഡി.ആർഐ കൂടുതൽ അന്വേഷണമാരംഭിച്ചു. ഷാർജയിൽ നിന്നും തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കുന്ന ഇൻഡിഗോ വിമാനം ക്ലീനിംഗ് കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ മുംബയിലേക്കാണ് പോകുന്നത്.

യാത്രക്കാർ ഇറങ്ങിയ ശേഷം വിമാനത്തിൽ ക്ലീനിംഗിനെത്തുന്ന കരാർ തൊഴിലാളികൾ വഴിയോ മുംബയിലേക്ക് പോകുന്ന യാത്രക്കാർ വഴി മുംബയ് വിമാനത്താവളത്തിലൂടെയോ സ്വർണം പുറത്തെത്തിക്കാനുള്ള തന്ത്രമാണ് സ്വർണക്കടത്ത് മാഫിയ പരീക്ഷിച്ചത്. ഒരുമാസം മുമ്പ് വിമാനത്തവളത്തിലെ ജീവനക്കാരുടെ ഒത്താശയോടെ പുറത്തേക്ക് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോയിലധികം സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസും ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് വിഭാഗവും (ഡി.ആർ.ഐ) ചേർന്ന് പിടികൂടിയിരുന്നു.