photo

പാലോട്: നന്ദിയോട് ഓട്ടോ സ്റ്റാൻഡും കൈത്തോടുകളും മാലിന്യത്തിൽ മുങ്ങി ജനജീവിതം ദുസ്സഹം. ആരോഗ്യ വകുപ്പിന്റെ പരിശോധനകളും നടപടികളും വാക്കിലൊതുക്കി അധികാരികളും ഇതിന് കൂട്ടുനിൽക്കുന്ന സാഹചര്യമാണ്. മാർക്കറ്റിലെയും ഹോട്ടലുകളിലെയും മാലിന്യം തള്ളുന്നത് തൊട്ടടുത്ത കൈത്തോടുകളിലാണ്. ഓട്ടോ സ്റ്റാൻഡിന് സമീപമുള്ള ഓടയിലാണ് മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത്. മാലിന്യം കെട്ടിക്കിടക്കുന്നതുമൂലം ദുർഗന്ധവും കൊതുകുശല്യവും രൂക്ഷമാണ്. കെ.എസ്.ഇ.ബി ഓഫീസും മൃഗാശുപത്രിയും കൃഷി ഭവനുമെല്ലാം സ്ഥിതിചെയ്യുന്ന ഇവിടെ ഈച്ചയും കൊതുകും പുഴുവും പെരുകി പരിസരമാകെ ദുർഗന്ധം വമിക്കുകയാണ്. മാലിന്യം ഭക്ഷിക്കാനെത്തുന്ന തെരുവുനായ്ക്കളുടെ ശല്യം മൂലം വഴി നടക്കാനും സാധിക്കുന്നില്ല. സെപ്ടിക് ടാങ്ക് മാലിന്യങ്ങൾ പോലും രാത്രിയിൽ കൈത്തോടുകളിൽ നിക്ഷേപിക്കുന്നുവെന്ന പരാതിയുണ്ട്. കള്ളിപ്പാറ, തോട്ടുമുക്ക് പ്രദേശങ്ങളിലെ ജനങ്ങളും ഈ കൈത്തോടുകളെ ആശ്രയിക്കുന്നു. അധികാരികളുടെ ഭാഗത്തു നിന്ന് അടിയന്തര നടപടികളൊന്നുമുണ്ടായില്ലെങ്കിൽ ഇത് പകർച്ചവ്യാധികൾക്ക് വഴിവയ്ക്കും. ആരോഗ്യവകുപ്പിന്റെ പരിശോധനകൾ ഇല്ലാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഓട്ടോ തൊഴിലാളി യൂണിയൻ ഭാരവാഹികളായ ഉദയകുമാർ, സുഭാഷ്, ഷൈജു എന്നിവർ അറിയിച്ചു.