തിരുവനന്തപുരം: ഈ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സംബന്ധിച്ച് രണ്ട് കേന്ദ്രമന്ത്രിമാരാണ് തലസ്ഥാനത്തെ രണ്ട് പാർലമെന്റ് മണ്ഡലങ്ങളിലായി മത്സരിക്കുന്നത്. രണ്ടുപേരും അവരുടേതായ മേഖലകളിൽ മികവ് തെളിയിച്ചവരാണ്. ജയത്തിൽ കുറഞ്ഞൊന്നും ബി.ജെ.പി പ്രതീക്ഷിക്കുന്നില്ല. വ്യക്തമായ പ്ളാനോടെയാണ് ഇത്തവണ ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു.
? ജില്ലയിൽ ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന
പ്രധാന വിഷയങ്ങൾ എന്താെക്കെ
രാജ്യത്തിന്റെ വികസനത്തിന് ഏറ്റവും കൂടുതൽ സംഭാവന നൽകാൻ കഴിയുന്ന മണ്ഡലമാണ് തിരുവനന്തപുരം. ഐ.ടി ഹബ്ബ് ആയി വളരാനുള്ള അനന്ത സാദ്ധ്യതയാണ് തലസ്ഥാനത്തിനുള്ളത്. വിഴിഞ്ഞത്തിന്റെ സാദ്ധ്യത കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിലൂടെ കേരളത്തിന്റെയും രാജ്യത്തെയും സമ്പദ്‌വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാനാവും. ഇന്ത്യയുടെ ഇലക്ട്രോണിക് മേഖലയിലുണ്ടായ കുതിപ്പ് ചെറുതല്ല. അത് തിരുവനന്തപുരത്തിനും ലഭ്യമാകണം. നൈപുണ്യ വികസനമാണ് മറ്റൊരു ലക്ഷ്യം. യുവാക്കളെ നൈപുണ്യമുള്ളവരാക്കാൻ സമഗ്ര പദ്ധതികൾ കേന്ദ്രം നടപ്പാക്കുന്നുണ്ട്.
? തലസ്ഥാന ജില്ല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ
ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം കൂടി ഉൾപ്പെടുന്ന തലസ്ഥാന ജില്ല നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അതിലൊന്ന് ഗ്രാമീണ മേഖലയിലെ റോഡുകൾ ശോച്യാവസ്ഥയിലാണ്. ആറ്റിങ്ങൽ, വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ ഉൾപ്രദേശങ്ങളിലെ റോഡുകളുടെ സ്ഥിതി പരിതാപകരമാണ്. കുടിവെള്ള ക്ഷാമം ജില്ലയുടെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ്. നഗരത്തിലെ പ്രധാന പ്രശ്നം മാലിന്യ സംസ്കരണമാണ്. മാലിന്യം സംസ്കാരിക്കാൻ ശാസ്ത്രീയമായ മാർഗങ്ങളില്ലാതെ നഗരം ബുദ്ധിമുട്ടുകയാണ്.
? ജില്ലയുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കും
ഗ്രാമീണ റോഡുകളുടെ സമഗ്ര വികസനത്തിന് കേന്ദ്ര സർക്കാരിന്റെ തന്നെ പദ്ധതികളുണ്ട്. കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നതിന് കൃത്യമായ പ്ളാൻ ഉണ്ടാക്കും. മാലിന്യ സംസ്കരണത്തിന് കേന്ദ്ര സർക്കാരിന്റെ നിരവധി പദ്ധതികളുണ്ട്. അതെല്ലാം വിദഗ്ദ്ധരുടെ നേതൃത്വത്തിൽ ചർച്ച ചെയ്ത് ശാസ്ത്രീയമായി നടപ്പാക്കും. സമയബന്ധിതമായും ശാസ്ത്രീയമായും പദ്ധതികൾ നടപ്പാക്കാതിരിക്കുന്നതിന്റെ ഫലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്.
?തരൂർ ശക്തനായ എതിരാളിയല്ലേ?
തരൂരിന് ആത്മാർത്ഥത തന്നോട് മാത്രമാണ്. ഡോ.ശശി തരൂർ എം.പിക്ക് ജനങ്ങളോടോ കോൺഗ്രസുകാരോടെോ ആത്മാർത്ഥതയില്ല. എല്ലാ മേഖലയിലും പരാജയപ്പെട്ട എം.പിയാണ് അദ്ദേഹം. നഗരത്തെ ബാഴ്സലോണ സിറ്റിയാക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ മിണ്ടുന്നതേയില്ല. പന്ന്യൻ രവീന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് കിട്ടാവുന്ന മികച്ച സ്ഥാനാർത്ഥിയാണ്. എങ്കിലും വിജയം ബി.ജെ.പിക്കായിരിക്കും.