
രാഷ്ട്രീയത്തിന്റെ അതിപ്രസരം നമ്മുടെ സർവകലാശാലകളുടെ നടത്തിപ്പും നിലവാരവും ഇടിയാനേ ഇടയാക്കിയിട്ടുള്ളൂ. ഉന്നത വിദ്യാഭ്യാസരംഗത്ത് മറ്റു സംസ്ഥാനങ്ങൾ വളരെയേറെ മുന്നേറിയിട്ടും കേരളം ഏതാണ്ട് നിന്നിടത്തുതന്നെ നിൽക്കുകയാണ്. പ്ളസ് ടു കഴിയുന്ന മിടുക്കരായ വിദ്യാർത്ഥികളിൽ ഭൂരിപക്ഷവും ഇപ്പോൾ സംസ്ഥാനത്തിനു പുറത്തുള്ളതോ വിദേശത്തുള്ളതോ ആയ മികവിന്റെ കേന്ദ്രങ്ങളിലേക്കാണ് ഉന്നത പഠനത്തിനായി പോകുന്നത്. നമ്മുടെ സർവകലാശാലകൾക്ക് അക്കാഡമിക് കാര്യങ്ങളേക്കാൾ താത്പര്യം രാഷ്ട്രീയത്തിലായതാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാനമായും ഇടയാക്കുന്നത്. ഭരണകക്ഷിയുടെ ശക്തമായ പിന്തുണയാണ് അക്കാഡമിക് യോഗ്യതയ്ക്കപ്പുറം വി.സിമാരെ കണ്ടെത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്.
ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിന് ഇത് പലപ്പോഴും ഇടയാക്കുകയും ചെയ്യും. ഈ തർക്കത്തിന്റെ ആദ്യ ഇരകൾ വിദ്യാർത്ഥികൾ തന്നെയാണ്. സർവകലാശാലകളുടെ ഭരണം സ്തംഭിക്കുന്ന അവസ്ഥയുണ്ടാകുന്നത് സമയത്ത് കോഴ്സ് പൂർത്തിയാക്കാനും സർട്ടിഫിക്കറ്റുകൾ ലഭിക്കാനുമൊക്കെ തടസ്സങ്ങൾ സൃഷ്ടിക്കും. രണ്ടാമത്തെ ഇര സത്യസന്ധവും നീതിയുക്തവുമായ രീതിയിൽ സർവകലാശാലയുടെ ഭരണം നടത്തണം എന്നാഗ്രഹിക്കുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരാണ്. ഗവർണറും സർക്കാരും തമ്മിലുള്ള തർക്കത്തിനിടയിൽ പെട്ടുപോകുന്ന ഇത്തരം ജീവനക്കാർ പിന്നീട് പല പ്രതികാര നടപടികൾക്കും വിധേയരാകേണ്ടിവരും. ഇതിൽ നിന്ന് മോചനം നൽകാനാവുന്നത് കോടതികൾക്കു മാത്രമാണ്. അതാകട്ടെ ഏറെ പണച്ചെലവുള്ള കാര്യമാണ്. എല്ലാവർക്കും അതിന് കഴിഞ്ഞെന്നുമിരിക്കില്ല.
ഈ പശ്ചാത്തലത്തിൽ സർക്കാരിനെതിരെ കേസിനു പോയി സിസാ തോമസ് നേടിയ വിജയം സത്യത്തിന്റെയും നീതിയുടെയും മിന്നുന്ന വിജയം കൂടിയായി കാണണം. ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ ഉണ്ടാകുന്ന തർക്കത്തിൽ സർക്കാർ ജീവനക്കാരെ ബലിയാടാക്കരുതെന്ന താക്കീതോടെയാണ് ഉന്നത കോടതി വാദം പോലും കേൾക്കാതെ ഹർജി തള്ളിയത്. ഹർജി നൽകിയ സർക്കാരിന്റെ നടപടിയിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. തികച്ചും അനാവശ്യമായി സർക്കാർ ചോദിച്ചു വാങ്ങിയ അടിയാണിത്. സാങ്കേതിക സർവകലാശാലയുടെ വി.സി സ്ഥാനം വഹിച്ചിരുന്ന സിസാ തോമസിനെതിരെ കഴിഞ്ഞ ഒന്നര വർഷമായി വൈരാഗ്യബുദ്ധിയോടെ പ്രതികാര നടപടികൾ തുടരുകയായിരുന്നു സർക്കാർ. കെ.ടി.യു വി.സി സ്ഥാനത്തുനിന്ന് ഡോ. എം.എസ്. രാജശ്രീയെ പുറത്താക്കിയത് സുപ്രീംകോടതിയാണ്. പകരം സർക്കാർ മറ്റൊരു വ്യക്തിയുടെ പേരാണ് നിർദ്ദേശിച്ചത്. എന്നാൽ സുപ്രീംകോടതി പറയുന്ന അയോഗ്യതാ മാനദണ്ഡം ഈ വ്യക്തിക്കും ബാധകമാകുമെന്നു ചൂണ്ടിക്കാട്ടി ഗവർണർ ആ പേര് നിരസിക്കുകയും സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ. സിസയെ നിയമിക്കുകയുമായിരുന്നു. അന്നു മുതൽ സിസ സർക്കാരിന്റെ കണ്ണിലെ കരടായി മാറി. എസ്.എഫ്.ഐക്കാരും ഇടതുപക്ഷ സംഘടനാ പ്രവർത്തകരും തടഞ്ഞെങ്കിലും പൊലീസ് സഹായത്തോടെ സിസ ചുമതലയേറ്റത് സർക്കാരിന് കൂടുതൽ തിരിച്ചടിയായി.
വി.സി നിയമനത്തിനെതിരെയുള്ള കേസ് ഹൈക്കോടതി തള്ളിയതോടെ പ്രതിഷേധക്കാർക്ക് പിന്മാറേണ്ടിവന്നു. അങ്ങനെ ആറുമാസത്തോളം സിസ വി.സിയായി തുടർന്നു. കഴിഞ്ഞ മാർച്ച് 31-നാണ് അവർ വിരമിച്ചത്. അതിനു മുമ്പ് അവരെ സസ്പെൻഡ് ചെയ്യാൻ സർക്കാർ ശ്രമിച്ചെങ്കിലും നടന്നില്ല. വിരമിച്ചതിനു ശേഷവും പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവച്ച് സർക്കാർ പ്രതികാര നടപടികൾ തുടരുകയായിരുന്നു. ഇതിനെതിരെ സിസ ഹൈക്കോടതിയിൽ പോയപ്പോൾ അവർക്ക് അനുകൂലമായ വിധി കിട്ടി. അവിടെവച്ച് ഇത് അവസാനിപ്പിക്കേണ്ടതായിരുന്നു. അതിനു തയ്യാറാകാതെ സുപ്രീംകോടതിയിൽ പോകുകയാണ് സർക്കാർ ചെയ്തത്. അവിടെനിന്ന് കിട്ടേണ്ടത് കിട്ടുകയും ചെയ്തു. ഇനിയെങ്കിലും അവരുടെ ആനുകൂല്യങ്ങൾ യഥാവിധി നൽകി ഈ അസംബന്ധ നാടകം അവസാനിപ്പിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.