
തിരുവനന്തപുരം: കുടുംബശ്രീയുടെ 'ലഞ്ച് ബെൽ' പദ്ധതിയിലൂടെ ആദ്യദിനം വിതരണം ചെയ്തത് 150 ഊണുകൾ.സെക്രട്ടേറിയറ്റ്,വികാസ് ഭവൻ,ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ഓർഡറുകളും ലഭിച്ചത്.പോക്കറ്റ് മാർട്ട് എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിലൂടെയാണ് സംസ്ഥാനത്താകെ ചോറ്റുപാത്രങ്ങളിൽ ഊണുകളെത്തിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇതിനോടകം 1000ലേറെ പേർ ആപ്പ് ഇൻസ്റ്റാൾ ചെയ്തു.ചൊവ്വാഴ്ച മന്ത്രി എം.ബി.രാജേഷാണ് ആദ്യയാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചത്.പ്ലേസ്റ്റോറിൽ നിന്ന് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് അക്കൗണ്ട് നിർമ്മിച്ചാൽ ഒരൊറ്റ ക്ലിക്കിൽ ഓർഡർ നൽകാം.മെഡിക്കൽ കോളേജ്,എൽ.എം.എസ്,സ്റ്റാച്യു, പട്ടം എന്നിങ്ങനെ നാലു സോണുകളായി തിരിച്ചാണ് തലസ്ഥാനത്ത് പദ്ധതി നടപ്പിലാക്കുന്നത്.ശ്രീകാര്യം മണ്ണന്തല പാറോട്ടുകോണത്താണ് കുടുംബശ്രീ അടുക്കള.കുടുംബശ്രീ അംഗമായ സംരംഭക നാലാഞ്ചിറ സ്വദേശി ഗിരിജയുടെ മേൽനോട്ടത്തിൽ അഞ്ച് സ്ത്രീകളാണ് പുളിശേരിയും സാമ്പാറും അച്ചാറും കൂട്ടുകറിയും അടങ്ങുന്ന ഊണ് തയാറാക്കുന്നത്. അതിരാവിലെ 5ഓടെ ഒരുക്കങ്ങൾ ആരംഭിക്കും.പച്ചക്കറികൾ തലേദിവസമേ അരിഞ്ഞുവയ്ക്കും. 10 വനിതകളാണ് വിതരണത്തിനുള്ളത്. പച്ചടീഷർട്ടണിഞ്ഞ് സ്കൂട്ടറിൽ നാനാഭാഗത്തും ഇവരെത്തും.പ്ലാസ്റ്റിക്ക് മാലിന്യം കുറയ്ക്കുന്നതിന് ചോറും കറികളും ചോറ്റുപാത്രത്തിലാണ് നൽകുന്നത്.ഉച്ചയ്ക്ക് 2.30യ്ക്ക് ടീം എത്തി പാത്രം തിരിച്ചെടുക്കും.ശ്രീകാര്യത്ത് തന്നെ ഡിഷ് വാഷിംഗ് യൂണിറ്റും ഉണ്ട്.ഉച്ചയൂണിന് 60 രൂപയും ഓംലെറ്റും മീൻകറിയും അടങ്ങിയ നോൺവെജ് ലഞ്ചിന് 99 രൂപയുമാണ്.രാവിലെ 7 വരെ ഓർഡർ ചെയ്യാം.
സ്വയംപര്യാപ്‌തത
അംഗങ്ങളെ സ്വയംപര്യാപ്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പരിശീലകൻ അജയൻ കേരളകൗമുദിയോട് പറഞ്ഞു.ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ച് ഉയർന്ന് വന്നവരാണ് അംഗങ്ങൾ. ആദ്യഘട്ടത്തിൽ ക്യാഷ് ഓൺ ഡെലിവറി മാത്രമേ ഉള്ളു. ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഉടൻ കൊണ്ടുവരും.ഡെലിവറി ചാർജും നിലവിൽ വാങ്ങുന്നില്ല.