
തിരുവനന്തപുരം: മികച്ച അഭിമുഖത്തിനുള്ള 2022-ലെ സംസ്ഥാന ടെലിവിഷൻ അവാർഡിന് കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് അർഹനായി. മികച്ച സംഗീതസംവിധായകനുള്ള അവാർഡ് കൗമുദി ടി.വി സംപ്രേഷണം ചെയ്ത ' കാത്തോളാം" എന്ന ടെലിഫിലിമിന്റെ സംഗീതസംവിധാനം നിർവഹിച്ച ജിഷ്ണു തിലകിനാണ്.
കൗമുദി ടി.വിയിലെ പ്രതിവാര പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭൻ, ബഹിരാകാശ ശാസ്ത്രജ്ഞനായ ഡോ. നമ്പിനാരായണൻ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളാണ് അവാർഡിന് അർഹമാക്കിയത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് അവാർഡ്. കൈരളി ടി.വിയിലെ എൻ.പി. ചന്ദ്രശേഖരൻ ഇതേ അവാർഡ് പങ്കിട്ടു. മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണിത്. ടെലിവിഷൻ അഭിമുഖത്തിന് രാജേഷിന് ലഭിക്കുന്ന മൂന്നാമത്തെ സംസ്ഥാന അവാർഡാണിത്. പത്രപ്രവർത്തനത്തിന് ദേശീയ അവാർഡടക്കം അനവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. തിരുവനന്തപുരം അരുവിയോട് സെന്റ് റീത്താസ് സ്കൂൾ അദ്ധ്യാപിക എസ്.എസ്. ദീപയാണ് ഭാര്യ. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പ്ളസ് ടു വിദ്യാർത്ഥി രാജ്ദീപ് ശ്രീധർ മകനാണ്. 15,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് സംഗീത സംവിധായകനുള്ള അവാർഡ്.