
ആറ്റിങ്ങൽ: നഗരസഭയുടെ കീഴിൽ രാമച്ചംവിള കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നഗര ആരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയിൽ മരുന്ന് മോഷ്ടിച്ചു.
സൈക്യാട്രി മെഡിസിനാണ് മോഷണം പോയതെന്ന് ജീവനക്കാർ പറയുന്നു. കെട്ടിടത്തിന്റെ പിൻവാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ മരുന്നുകൾ സൂക്ഷിച്ചിരുന്ന രണ്ട് അലമാരകളും റൂമുകളിലേക്ക് പ്രവേശിക്കുന്ന അഞ്ച് വാതിലുകളും പൂർണമായി തകർത്തു. മരുന്നും സാനിറ്റൈസർ അടക്കമുള്ള ലായനികളും മുറികളിലും സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലും വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 60,000 രൂപയുടെ നാശനഷ്ടം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം.
നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി,വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പൊലീസിനൊപ്പം സ്ഥലം സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രി കാട്ടുമ്പുറം ഇടയാവണത്ത് ക്ഷേത്രത്തിലും മോഷണം നടന്നു. കാണിക്കവഞ്ചി കുത്തിത്തുറന്നാണ് പണം കവർന്നത്. നഗരസഭ അധികൃതർ നൽകിയ പരാതിയിൽ ആറ്റിങ്ങൽ പൊലീസ് അന്വേഷണം ആരംഭിച്ചു.