കല്ലറ: വേനലിൽ പച്ചപ്പുല്ലിന് കടുത്ത ക്ഷാമം നേരിട്ടതോടെ പാൽ ലഭ്യതയിൽ വൻകുറവ്. വൈക്കോലിനെ ആശ്രയിച്ച് കന്നുകാലികളെ വളർത്തുന്ന കർഷകർ കടക്കെണിയിലായിരിക്കുകയാണ്. ദിവസം 20 കിലോ പച്ചപ്പുല്ലെങ്കിലും ഒരു കറവപ്പശുവിന് ലഭ്യമാക്കണമെന്നാണ് മൃഗസംരക്ഷകർ പറയുന്നത്. തരിശായി കിടക്കുന്ന പ്രദേശങ്ങളിലുണ്ടാവുന്ന തീപിടിത്തവും പച്ചപ്പുല്ലിന്റെ ലഭ്യതയിൽ കുറവ് വരുത്തുന്നു. പ്രതിസന്ധികളുടെ നടുവിൽ കാലിത്തീറ്റ വില ഒരു വർഷത്തിനിടെ 25 ശതമാനത്തോളമാണ് വർദ്ധിച്ചത്. കന്നുകാലികളെ വിറ്റഴിക്കാൻ ഒരുങ്ങിയാൽ വാങ്ങാനും ആളില്ലാത്ത അവസ്ഥയാണ്.
വേനൽ കടുത്തതോടെ പശുക്കളെ കുളിപ്പിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി വെള്ളമില്ലാത്ത അവസ്ഥ വേറെയും. ഇതും പാൽ ലഭ്യതക്കുറവിന് കാരണമായിട്ടുണ്ട്. കറവപ്പശുവിന് ഒരു ദിവസത്തേക്ക് ഏറ്റവും കുറഞ്ഞത് 250 ലിറ്റർ ശുദ്ധജലം ആവശ്യമാണ്. ജലക്ഷാമം രൂക്ഷമായ മേഖലകളിൽ ഇതിനും കർഷകർ ബുദ്ധിമുട്ടുകയാണ്. അന്തരീക്ഷ ഊഷ്മാവ് വർദ്ധിക്കുന്നതിനനുസരിച്ച് കറവമാടുകളുടെ ശരീരോഷ്മാവ് ക്രമീകരിക്കുന്നതിനായി ശ്വാസനിരക്കും വിയർപ്പും കൂടുന്നു. വേനൽക്കാലത്ത് കഴിക്കുന്ന തീറ്റയുടെ അളവിൽ വരുന്ന കുറവും തീറ്റയുടെ ഗുണനിലവാരക്കുറവും പാലുത്പാദനത്തെ സാരമായി ബാധിക്കുന്നതോടൊപ്പം പാലിലെ ഘടകങ്ങളായ കൊഴുപ്പ്, എസ്.എൻ.എഫ്, ലാക്‌റ്റോസ് എന്നിവയും കുറയുന്നു.
എന്തെല്ലാം ശ്രദ്ധിക്കണം
1. മാംസ്യത്തിന്റെയും ഊർജ്ജദായകമായ കൊഴുപ്പിന്റെയും അളവു കൂട്ടണം, നാരിന്റെ അംശം കുറയ്ക്കണം.
പരുത്തിക്കുരു, സോയാബീൻ എന്നിവ തീറ്റയിൽ ഉൾപ്പെടുത്താം.
2. പച്ചപ്പുല്ലിന് പകരം പച്ചിലകൾ, ഈർക്കിൽ കളഞ്ഞ പച്ച ഓല തുടങ്ങിയവയും നൽകാം.
3. തൊഴുത്തിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ചാക്ക്, വൈക്കോൽ എന്നിവ നിരത്തി വെള്ളം തളിക്കണം. തൊഴുത്തിനു ചുറ്റും തണൽമരങ്ങൾ വച്ചുപിടിപ്പിക്കണം. ദിവസേന ഒന്നോ രണ്ടോ പ്രാവശ്യം പശുക്കളെ കുളിപ്പിക്കുക, തൊഴുത്തിലിൽ ഫാനിടുക.
4. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ വെയിലത്ത് കെട്ടിയിടരുത്. ശുദ്ധജലം യഥേഷ്ടം കുടിക്കാൻ നൽകണം.
5, മറ്റു സമയങ്ങളിൽ നൽകുന്ന വെള്ളത്തിന്റെ അളവിൽ ഒന്നു മുതൽ രണ്ട് മടങ്ങു വരെ വർദ്ധനവ് വരുത്തണം