
തിരുവനന്തപുരം: ജാതിസെൻസസ് നടത്തണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ന്യൂനപക്ഷ വിഭാഗങ്ങളുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ ജാതി സെൻസസിന് എതിരാണെങ്കിലും സംസ്ഥാന സർക്കാരിന് സ്വന്തം നിലയിൽ ജാതി സെൻസസ് നടത്താവുന്നതാണെന്ന് ഫെബ്രുവരി 28ന് കേരളകൗമുദി നൽകിയ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. അന്നേദിവസം അരുവിപ്പുറത്തു നടന്ന 136-ാമത് ശിവപ്രതിഷ്ഠാവാർഷിക സമ്മേളനത്തിൽ ചീഫ് എഡിറ്റർ ദീപു രവി നടത്തിയ മുഖ്യ പ്രഭാഷണത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഒരു നൂറ്റാണ്ടായി തുടരുന്ന അനീതി അവസാനിപ്പിക്കാൻ ജാതി സെൻസസ് അനിവാര്യമാണ്. സുപ്രീം കോടതിയിൽ ഇതു സംബന്ധിച്ച ഡേറ്റ സമർപ്പിച്ചില്ലെങ്കിൽ ഈഴവ സമുദായത്തിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണംപോലും നഷ്ടപ്പെടാനിടയാകുമെന്നും ചീഫ് എഡിറ്റർ ചൂണ്ടിക്കാട്ടിയിരുന്നു. (റിപ്പോർട്ട് ഫെബ്രുവരി 29ലെ പത്രത്തിൽ).
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല
പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും മതനിരപേക്ഷ സമൂഹമായി തുടരുന്നതിന് വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനങ്ങളും സ്വീകരിച്ച മതനിരപേക്ഷ മൂല്യങ്ങളെ പുരോഗമന പ്രസ്ഥാനങ്ങൾ ഏറ്റെടുത്തതിന്റെ ഫലമാണ് കേരളം ഇന്നനുഭവിക്കുന്ന മതസൗഹാർദ്ദവും സാമൂഹിക സുരക്ഷിതത്വവും. വർഗീയ സംഘർഷങ്ങളില്ല എന്നതുകൊണ്ട് സമൂഹത്തിൽ വർഗീയ ശക്തികളില്ല എന്നർത്ഥമില്ലെന്നും ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.