aadharsh

കട്ടപ്പന: വാഹന പരിശോധനയ്ക്ക് ഇടയിൽ കട്ടപ്പന എസ്‌ഐയെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. അമ്പലക്കവല നിരപ്പേൽ ആദർശ് ആണ് പിടിയിലായത്.കൈയ്ക്കും വയറിനും പരിക്കേറ്റ എസ്.ഐ എൻ ജെ സുനേഖ് ആശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച രാത്രി 8.45 ഓടെ കട്ടപ്പന നഗരത്തിൽ റ്റി ബി ജങ്ഷനിലാണ് സംഭവം. പട്രോളിംഗിനിടെ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് അമിത വേഗത്തിൽ വരുന്നത് കണ്ട് തടഞ്ഞപ്പോഴാണ് എസ് ഐ യെ ബൈക്ക് ഓടിച്ചിരുന്ന അമ്പലക്കവല സ്വദേശി ആദർശ് ആക്രമിക്കാൻ ശ്രമിച്ചത്.ബൈക്ക് പിന്നോട്ടെടുത്ത് റോഡരികിലെ ഭിത്തിയോട് ചേർത്ത് ഉദ്യോഗസ്ഥനെ ഞെരുക്കിയ ശേഷം രക്ഷപെടുവാൻ ശ്രമിക്കുകയായിരുന്നു. ഉടനെ മറ്റ് പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് യുവാവിനെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.പ്രതിക്ക് ഡ്രൈവിങ് ലൈസൻസ് ഇല്ലെന്നും ഓടിച്ചിരുന്ന ബൈക്ക് കോഴിക്കോട് സ്വദേശിയുടെ പേരിലുള്ളതാണെന്നും പൊലീസ് പറഞ്ഞു. നമ്പർ പ്ലേറ്റ് അടക്കം ഇളക്കി മാറ്റിയും,ഉച്ചത്തിലുള്ള സൈലൻസർ ഘടിപ്പിച്ചും ബൈക്കിന് രൂപ മാറ്റവും വരുത്തിയിട്ടുണ്ട്.ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തി അപകടപ്പെടുത്താൻ ശ്രമിച്ചതിനുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.