
തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി (സ്റ്റേറ്റ് സ്പെസിഫിക് ഡിസാസ്റ്റർ) പ്രഖ്യാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വന്യജീവി ആക്രമണം മൂലമുള്ള ദാരുണസംഭവങ്ങൾ കണക്കിലെടുത്താണിത്. ദുരന്തമേഖലകളിൽ ഏകോപനത്തിന് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയെക്കൂടി ഉൾപ്പെടുത്തും. സംഘർഷ ലഘൂകരണത്തിനു നാല് സമിതികളുണ്ടാക്കി. നഷ്ടപരിഹാരം എത്രയും വേഗം നൽകുന്നതിന് വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി. ഇതിന്റെ ചെലവ് ട്രഷറി നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കും. പുരോഗതി വനം സെക്രട്ടറി വിലയിരുത്തണം. പ്രതിരോധ നടപടികൾക്ക് രൂപംനൽകാൻ അന്തർദേശീയ-ദേശീയ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതിയുണ്ടാക്കും. കേരള-കർണ്ണാടക-തമിഴ്നാട് ഉദ്യോഗസ്ഥരടങ്ങിയ ഇന്റർ സ്റ്റേറ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങൾ ചേരും.
ചീഫ് വൈൽഡ് ലൈഫ് വാർഡനെ മനുഷ്യ-വന്യജീവി സംഘർഷം നേരിടാനുള്ള നോഡൽ ഓഫീസറാക്കും. വനംവകുപ്പ് ആസ്ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയിൽ കൺട്രോൾ റൂം പ്രവർത്തിക്കും. വന്യജീവി ആക്രമണ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ സമയാസമയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളടക്കം സജ്ജമാക്കും. കൂടുതൽ താത്ക്കാലിക വാച്ചർമാരെ നിയോഗിക്കും. മൃഗങ്ങൾക്ക് ആവശ്യമായ വെള്ളം ലഭിക്കുമെന്ന് ഉറപ്പാക്കും. ഇതിന് താത്കാലിക സംവിധാനമൊരുക്കാൻ പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളുടെ സഹായംതേടും. വനങ്ങളോടു ചേർന്നുകിടക്കുന്ന പ്രദേശത്തെ കുറ്റിക്കാടുകൾ ഇല്ലാതാക്കും. റാപ്പിഡ് റെസ്പോൺസ് ടീമുകൾ ശക്തിപ്പെടുത്തും. ജാഗ്രതാസമിതികൾ രൂപീകരിക്കും.
ദുരന്ത നിവാരണ ഫണ്ട് ഉപയോഗിക്കാം
സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചാൽ ദുരന്ത നിവാരണ അതോറിട്ടിക്കു കേന്ദ്രം നൽകുന്ന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് 10 ശതമാനം തുക നഷ്ടപരിഹാരത്തിനുൾപ്പെടെ ചെലവഴിക്കാം.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയിലെ പണവും ഉപയോഗിക്കാം. ആക്രമണത്തിനിരയായവരുടെയും കൊല്ലപ്പെട്ടവരുടെയും വായ്പകൾക്ക് തിരിച്ചടവിൽ ഇളവ് നൽകാം, എഴുതിത്തള്ളാം. ജില്ല ദുരന്ത പ്രതികരണ ഫണ്ട്, സംസ്ഥാന ദുരന്ത നിവാരണ ഫണ്ട് എന്നിവയിൽ നിന്നുള്ള പണവും ചെലവിടാനാവും. നിലവിൽ ഖജനാവിൽ നിന്നാണ് നൽകുന്നത്.
210കോടി
മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ നിലവിൽ അനുവദിച്ച 100 കോടിക്കു പുറമെ കിഫ്ബി വഴി 110കോടി കൂടി നൽകും
നേരിടാൻ 4 സമിതികൾ
1.സംസ്ഥാനതല സമിതി: മുഖ്യമന്ത്രി അദ്ധ്യക്ഷനും വനം, റവന്യു, തദ്ദേശസ്വയംഭരണം, പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് മന്ത്രിമാർ അംഗങ്ങളും ചീഫ് സെക്രട്ടറി കൺവീനറുമായിരിക്കും.
2. നിയന്ത്രണ സമിതി: നിർദ്ദേശങ്ങളും ഉത്തരവുകളും നൽകുന്ന സമിതിയാണിത്. ചീഫ് സെക്രട്ടറി അദ്ധ്യക്ഷൻ. ആഭ്യന്തരം, റവന്യു, വനം, പട്ടികജാതി-പട്ടികവർഗ്ഗം, തദ്ദേശം, കൃഷി വകുപ്പ് സെക്രട്ടറിമാർ, വനം മേധാവി, പി.സി.സി.എഫ് ആൻഡ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി മെമ്പർ സെക്രട്ടറി എന്നിവർ അംഗങ്ങൾ.
3. ജില്ല സമിതി: ജില്ലാച്ചുമതലയുള്ള മന്ത്രി അദ്ധ്യക്ഷൻ. ജില്ല കളക്ടർ, എസ്.പി, ഡി.എഫ്.ഒ, ജില്ല മെഡിക്കൽ ഓഫീസർ (ആരോഗ്യം), എൽ.എസ്.ജി.ഡി, പട്ടികജാതി- പട്ടികവർഗ്ഗ ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ല കൃഷി വകുപ്പ് ഓഫീസർ, ജില്ല മൃഗസംരക്ഷണ വകുപ്പ് ഓഫീസർ എന്നിവരുടെ നിയന്ത്രണ സംവിധാനം. ജില്ലയിലെ പ്രവർത്തനം ഈ സമിതിയുടെ മേൽനോട്ടത്തിലാവും.
4. പ്രാദേശിക സമിതി: തദ്ദേശസ്വയംരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള സമിതിയാണിത്. പ്രാദേശിക തലത്തിൽ വന്യജീവി സംഘർഷം തടയുന്നതിനുള്ള നടപടികൾ തയ്യാറാക്കി നടപ്പിലാക്കും. തദ്ദേശ സ്ഥാപനത്തിന്റെ പ്രസിഡന്റ്, വനംവകുപ്പ് , പട്ടികജാതി- പട്ടികവർഗ്ഗ വികസനം, കൃഷി, മൃഗസംരക്ഷണം, ആരോഗ്യം, പൊലീസ്, സന്നദ്ധസംഘടന പ്രതിനിധികൾ, തഹസീൽദാർ എന്നിവർ ഉൾപ്പെടും.