പാലക്കാട്: അട്ടപ്പാടിയിൽ 91കിലോയോളം മാനിറച്ചിയും ആയുധങ്ങളുമായി അഞ്ചംഗ നായാട്ടുസംഘം പിടിയിൽ. ഒരാൾ ഓടിരക്ഷപ്പെട്ടു. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ പുലർച്ചെ നാലിന് അട്ടപ്പാടി ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ സാമ്പാർക്കോട് വനത്തിൽ നടത്തിയ പരിശോധനയിലാണ് നായാട്ടുസംഘത്തെ പിടികൂടിയത്.

മലപ്പുറം സ്വദേശികളായ സമീർ, മുഹമ്മദ് റാഫി, മുഹമ്മദ് മുസ്തഫ, അഗളി സ്വദേശികളായ സോബിൻ, സിജോ എന്നിവരാണ് പിടിയിലായത്. മഞ്ചേരി സ്വദേശി റിഷാദാണ് ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കി.
റിഷാദാണ് നാടൻ തോക്കുപയോഗിച്ച് രണ്ട് പുള്ളിമാനുകളെ വെടിവെച്ചുകൊന്നത്. മറ്റുപ്രതികളാണ് ഇതിനെ ഇറച്ചിയാക്കിയത്. ഇവരിൽ നിന്ന് 91 കിലോയിലധികം ഇറച്ചിയും, ഒരു നാടൻ തോക്കും, കത്തിയുൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടി. ഇവരുടെ കാറും ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു.
അഗളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സി.സുമേഷ്, ഷോളയൂർ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ.സജീവ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ.ആർ.രവികുമാർ, പി.സുബ്രഹ്മണ്യൻ, ഡി.എഫ്.ഒമാരായ പ്രശാന്ത്, എൻ.തോമസ്, ഷബ്ന, ഫോറസ്റ്റ് വാച്ചർമാരായ കാളി, നഞ്ചി, ആർ.ആർ.ടിയിലെ തോമസ്, വാച്ചർ ജയൻ എന്നിവരുടെ നേതൃത്വത്തിലാണ് നായാട്ടുസംഘത്തെ പിടികൂടിയത്. പിടിച്ചെടുത്ത തോക്ക് ഷോളയൂർ പൊലീസ് സ്‌റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് കൈമാറി.