കാസർകോട്: പച്ചമ്പളയിൽ ഒരു ഇടവേളയ്ക്ക് ശേഷം മയക്കുമരുന്ന് സംഘം പിടിമുറുക്കുന്നു. കടയുടെ ഗ്ലാസ് തകർത്തതിന് ശേഷം ഷട്ടർ അടർത്തി മാറ്റി 10,000 രൂപയുടെ സാധനങ്ങൾ കവർന്നു. റസാഖിന്റെ ഉടമസ്ഥതയിലുള്ള ഓഫർ ഗാലറി കടയിലാണ് കവർച്ച നടന്നത്.കടയുടെ മുൻ വശത്തെ ഗ്ലാസ് തകർത്ത് താഴിട്ടു പൂട്ടിയ ഷട്ടർ അടർത്തി മാറ്റിയതിന് ശേഷം അകത്ത് കയറിയ സംഘം സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു.
ഇതേ കടയിൽ മുമ്പ് നാലു തവണ മോഷണം നടന്നിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന കവർച്ചയ്ക്ക് പിന്നിൽ മയക്കുമരുന്ന് സംഘമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പൊലീസിന്റെ കർശന നടപടിയെ തുടർന്ന് ഒരു വർഷത്തോളമായി ഗൂണ്ടാസംഘങ്ങളും മയക്കു മരുന്ന് സംഘങ്ങളും പിൻവലിഞ്ഞിരുന്നു. വീണ്ടും ഈ സംഘങ്ങൾ തലപൊക്കിയതോടെ നാട്ടുകാർ ഭയപ്പാടിലാണ്.
രാത്രികാലങ്ങളിൽ പുറത്തുനിന്നെത്തുന്ന സംഘം പച്ചമ്പളയിലും പരിസരത്തും അഴിഞ്ഞാടുന്നതായി വ്യാപാരികൾ പറയുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ജയിലിൽ നിന്നിറങ്ങിയ ചിലരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. റസാഖിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു.