
തിരുവനന്തപുരം: റാങ്ക് പട്ടികയുടെ കാലാവധി തീരുന്ന ദിവസം അർധരാത്രി ഒഴിവു റിപ്പോർട്ട് ചെയ്തതു മൂലം ജോലി നഷ്ടപ്പെട്ട കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണന് തദ്ദേശ വകുപ്പിൽ എൽ.ഡി.ക്ലാർക്ക് നിയമനം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർവീസ് റൂൾ 39 ലെ സവിശേഷാധികാരം ഉപയോഗിച്ചാണ് നടപടി. നിഷയ്ക്ക് നിയമനം നൽകാൻ സർവീസ് ചട്ടപ്രകാരം സർക്കാരിന്റെ അധികാരം പ്രയോഗിക്കാമെന്നു ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
2018 മാർച്ച് 31ന് അവസാനിച്ച എറണാകുളം ജില്ലയിലെ എൽ.ഡി.ക്ലാർക്ക് റാങ്ക് പട്ടികയിലായിരുന്നു നിഷ. മാർച്ച് 28നു കൊച്ചി കോർപറേഷൻ ഓഫീസിൽ നിന്ന് ഒഴിവ് റിപ്പോർട്ട് ചെയ്തെങ്കിലും നഗരകാര്യ ഡയറക്ടർ ഓഫിസിൽനിന്ന് അതു പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തത് 31ന് അർധരാത്രി 12നാണ്. ഇ മെയിൽ പിഎസ്‌സിക്കു കിട്ടിയതാകട്ടെ 12 മണിയും 4 സെക്കൻഡും കഴിഞ്ഞ്. പട്ടികയുടെ കാലാവധി അർധരാത്രി 12ന് അവസാനിച്ചെന്ന് കാട്ടി പിഎസ്‌സി നിഷയ്‌ക്ക് ജോലി നിഷേധിച്ചു. 35 വയസ് കഴിഞ്ഞതിനാൽ പിഎസ്‌സി പരീക്ഷ എഴുതാനാവാതെ വന്ന നിഷ സർക്കാരിന് പരാതി നൽകി. 28ന് റിപ്പോർട്ട് ചെയ്ത ഒഴിവ് 3 ദിവസം ഉണ്ടായിട്ടും 31ന് അർധരാത്രിക്കു മുൻപ് പിഎസ്‌സിയെ അറിയിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ. ഉദ്യോഗസ്ഥരെ വെള്ളപൂശി നഗരകാര്യ ഡയറക്ടർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളിയിരുന്നു.