
കോവളം: തിരുവല്ലത്തെ നഗരസഭ സോണൽ ഓഫീസ് സൂപ്രണ്ടിനെ ഡെപ്യൂട്ടി മേയർ പി.കെ.രാജു മർദ്ദിച്ചതായി പരാതി. ഇന്നലെ രാവിലെ 11ഓടെയാണ് തിരുവല്ലം സോണൽ ഓഫീസിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഔദ്യോഗിക വാഹനത്തിൽ ഡെപ്യൂട്ടി മേയർ, പുഞ്ചക്കരി വാർഡ് കൗൺസിലർ ശിവൻകുട്ടിമായി സോണൽ ഓഫീസിലെത്തി. തുടർന്ന് ഓഫീസ് മുറിയിൽ ഫയലുകൾ നോക്കിക്കൊണ്ടിരുന്ന സൂപ്രണ്ട് കെ.എസ്.അൻവർ ഹുസൈനോട് ഡെപ്യൂട്ടി മേയർ ഓഫീസിൽ രേഖപ്പെടുത്തിയ ബിൽഡിംഗ് ഓണർഷിപ്പുമായി ബന്ധപ്പെട്ടുള്ള ഒരു ഫയലിന്റെ വിവരങ്ങൾ ചോദിക്കുകയും തുടർന്ന് മറുപടി നൽകാൻ വൈകിയെന്നാരോപിച്ച് ഇരുവരും ഓഫീസിനുള്ളിൽ വാക്കുതർക്കമുണ്ടായി സൂപ്രണ്ടിനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.ഓഫീസ് സ്റ്റാഫുകൾ ഓടിക്കൂടിയ ശേഷവും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. രംഗങ്ങൾ സൂപ്രണ്ട് മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കവെ ഡെപ്യൂട്ടി മേയറും സംഘവും സ്ഥലം വിട്ടു. കൃത്യനിർവഹണത്തിനിടയിൽ തന്നെ മർദ്ദിച്ചെന്നരോപിച്ച് സോണൽ ഓഫീസ് സൂപ്രണ്ട് തിരുവല്ലം പൊലീസിൽ പരാതി നൽകിയശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
മർദ്ദിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി മേയർ
അൻവർ ഹുസൈനെ മർദ്ദിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി മേയർ പി.കെ.രാജു പറഞ്ഞു. വെറുതെ കെട്ടിച്ചമച്ച ആരോപണമാണ്. താൻ രണ്ടാഴ്ചയായി കൈവേദനയ്ക്ക് ചികിത്സയിലാണ്. സുഹൃത്തിന്റെ ഭാര്യയോട് അൻവർ ഹുസൈൻ വളരെ മോശമായി പെരുമാറിയെന്ന പരാതി ലഭിച്ചു. മേയർക്ക് ആ സ്ത്രീ പരാതി നൽകിയിരുന്നു. ഇത് സംസാരിക്കാൻ തിരുവല്ലം സോണൽ ഓഫീസിൽ പോയിരുന്നു. സംസാരിച്ചതല്ലാതെ വേറൊന്നും നടന്നില്ല. സുഹൃത്തിന്റെ ഭാര്യ തിരുവല്ലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.അൻവർ ഹുസൈനെതിരെ നിരവധി പരാതികളുണ്ടെന്നും രാജു പറഞ്ഞു.