
തിരുവനന്തപുരം: വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ വിശിഷ്ട വ്യക്തികൾക്കുള്ള സർക്കാരിന്റെ പമോന്നത കേരള പുരസ്കാരങ്ങൾ രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനായി.
സാഹിത്യത്തിനുള്ള കേരള ജ്യോതി പുരസ്‌കാരം എഴുത്തുകാരനും കഥാകൃത്തുമായ ടി.പദ്മനാഭൻ ഏറ്റുവാങ്ങി. സാമൂഹ്യ സേവനത്തിന് ജസ്റ്റിസ് എം. ഫാത്തിമ ബീവിക്ക് മരണാനന്തരമായി ലഭിച്ച കേരള പ്രഭ പുരസ്‌കാരം സഹോദരി കുത്സും ബീവിയുടെ മകൻ എ.അബ്ദുൾ ഖാദർ സ്വീകരിച്ചു. സൂര്യ കൃഷ്ണമൂർത്തിക്കും കേരള പ്രഭ പുരസ്കാരം സമ്മാനിച്ചു.
സാമൂഹ്യ സേവനത്തിന് പുനലൂർ സോമരാജൻ (ഗാന്ധിഭവൻ, പത്തനാപുരം), ആരോഗ്യ മേഖലയിൽ ഡോ. വി.പി. ഗംഗാധരൻ, വ്യവസായ വാണിജ്യ മേഖലയിൽ രവി ഡി.സി, സിവിൽ സർവീസിൽ കെ.എം. ചന്ദ്രശേഖർ, സംഗീതത്തിൽ പണ്ഡിറ്റ് രമേശ് നാരായൺ എന്നിവർ കേരളശ്രീ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
മന്ത്രിമാരായ വി.ശിവൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ ആര്യ രാജേന്ദ്രൻ, വി.കെ.പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ.വി.വേണു തുടങ്ങിയവർ പങ്കെടുത്തു.
പിണക്കം മറന്ന് മുഖ്യമന്ത്രിയും ഗവർണറും
പരസ്‌പരം ഏറ്റുമുട്ടിയതിലെ നീരസമൊക്കെ മറന്ന് ഗവർണറും മുഖ്യമന്ത്രിയും. കേരള പുരസ്‌കാര ദാനചടങ്ങിന് രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയെ ഗവർണർ സ്വീകരിച്ചു. ഇരുവരും ഒരുമിച്ചാണ് വേദിയിലേക്ക് എത്തിയത്. ചടങ്ങിനിടെ ഇരുവരും കുശലം പറഞ്ഞു. ചടങ്ങിന്ശേഷം ഗവർണർ മുഖ്യമന്ത്രിയെ ചായ സത്കാരത്തിന് ക്ഷണിച്ചു. അടുത്തടുത്ത കസേരകളിലിരുന്നാണ് ഇരുവരും ചായ കുടിച്ചത്. ടി.പദ്മനാഭനൊപ്പം ഫോട്ടോ എടുക്കാനും മുഖ്യമന്ത്രിയെ ഗവർണർ ക്ഷണിച്ചു. ചായയ്ക്കു ശേഷം മുഖ്യമന്ത്രിയെ കാറിന് സമീപം വരെ ഗവർണർ അനുഗമിച്ചു. മുഖ്യമന്ത്രി കാറിൽ കയറിയപ്പോൾ കൈകൂപ്പി. മുഖ്യമന്ത്രി തിരിച്ചും കൈകൂപ്പി. കഴിഞ്ഞദിവസം വിവരാവകാശ കമ്മിഷണറുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഇരുവരും സംഭാഷണം നടത്തിയിരുന്നു.