j

തിരുവനന്തപുരം: കേന്ദ്രം 13609 കോടി രൂപയുടെ വായ്പാ അനുമതി നൽകിയതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് നേരിയ അയവ്. ഈ തുക ഉറപ്പായതോടെ രണ്ടു ദിവസത്തിനകം ശമ്പള വിതരണം പൂർത്തിയാക്കും. അദ്ധ്യാപകർക്ക് ആദ്യ വിഹിതം ഇന്നലെ കൊടുത്തു.

ഇതിനുള്ള തുക സംസ്ഥാനം കണ്ടെത്തും. എന്നാൽ മുഴുവൻ തുകയും നൽകുമെന്ന് ഉറപ്പില്ല. രണ്ടുഘട്ടമായി ലഭിക്കുന്ന വായ്പ പൂർണമായി ഖജനാവിലെത്താൻ മാർച്ച് അവസാന വാരമാവുന്ന സാഹചര്യത്തിലാണിത്. ക്ഷേമപെൻഷൻ കുടിശികയിലെ രണ്ടുമാസത്തെ വിഹിതം ഏപ്രിലിൽ നൽകും. ജീവനക്കാരുടെ ഡി.എ കുടിശികയിലെ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ ഉൾപ്പെടുത്തി മേയ് ആദ്യം വിതരണം ചെയ്യും.

മാർച്ചിൽ 22,000 കോടിയോളം രൂപയുടെ ചെലവാണ് കേരളത്തിനുള്ളത്. 5600കോടിയാണ് ശമ്പളപെൻഷൻ ചെലവ്. കൂടാതെ പദ്ധതി ചെലവ്, കരാറുകാർക്ക് നടപ്പ് സാമ്പത്തിക വർഷത്തിൽ കൊടുത്തുതീർക്കേണ്ട ചെലവുകൾ, തദ്ദേശസ്ഥാപനങ്ങളുടെ ചെലവ്, വായ്പാ തിരിച്ചടവ്, പലിശ ചെലവ് തുടങ്ങിയവയും കൊടുക്കണം. ഇപ്പോൾ കിട്ടുന്ന തുക അതിന് വിനിയോഗിക്കും. 10000കോടി കൂടി അടിയന്തരമായി കണ്ടെത്താനാണ് ശ്രമം.

കേന്ദ്രവുമായി ഇന്ന് ഡൽഹിയിൽ നടക്കുന്ന തുടർ ചർച്ചയിൽ പതിനായിരം കോടി കൂടി കടമെടുക്കാൻ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ.

സംസ്ഥാന ധന വകുപ്പ് സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. എബ്രഹമും കേന്ദ്രധനകാര്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. കിഫ്ബിയും സാമൂഹ്യസുരക്ഷാ കമ്പനിയുമെടുത്ത വായ്പകളുടെ പേരിലാണ് 15000 കോടി കുറച്ചത്.

15ന് മുമ്പ് 6200 കോടി, 20ന് ശേഷം 7409 കോടി

 ഉൗർജ്ജമഖലയിലെ പരിഷ്‌കാരങ്ങൾക്ക്- 4866കോടി

 പബ്ളിക് അക്കൗണ്ട് നിക്ഷേപത്തിന്- 4323കോടി

 വായ്പാനുമതിയിലെ ബാക്കി- 1877കോടി.

 റീപ്ളെയ്സ്‌മെന്റ്ലോൺ- 2543കോടി.

 ആകെ 13609 കോടിയുടെ വായ്പാനുമതി

 തുക ലഭ്യമാവാൻ രണ്ടു ദിവസം വൈകും

ഇന്നു തന്നെ അപേക്ഷിക്കുമെങ്കിലും 12,19 തീയതികളിൽ രണ്ടുഘട്ടമായി വായ്പക്കുള്ള നടപടി സ്വീകരിക്കാനാണ് റിസർവ് ബാങ്കിനോട് ആവശ്യപ്പെടുന്നത്. ബോണ്ടും ഷെയർ സർട്ടിഫിക്കറ്റും ആ ദിവസങ്ങളിൽ ബാങ്ക് ലേലത്തിനിറക്കും. തുക ലഭ്യമാവാൻ രണ്ടു ദിവസം വൈകും.

തുണയായി സുപ്രീംകോടതി: കേരളത്തിന് 13608 കോടി കടമെടുക്കാൻ അനുമതി

ന്യൂഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ കേന്ദ്രം വാഗ്ദാനം ചെയ്ത 13608 കോടിയുടെ വായ്പാനുമതി സ്വീകരിക്കാൻ കേരളത്തിന്സുപ്രീം കോടതിയുടെ നിർദ്ദേശം. ഹർജി പിൻവലിക്കണമെന്ന ഉപാധി സുപ്രീംകോടതി തള്ളിയത് കേന്ദ്രത്തിന് പ്രഹരമായി. 15000 കോടിയുടെ വായ്പാനുമതി കൂടി കേന്ദ്രത്തിൽ നിന്ന് ലഭിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ ചർച്ച തുടരാൻ ജസ്റ്റിസ് സൂര്യകാന്തും,​ കെ.വി. വിശ്വനാഥനും അടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു.

ചർച്ച നടക്കുമ്പോൾ നേതാക്കളുടെ ഭാഗത്തുനിന്ന് പരസ്യപ്രസ്താവനകൾ പാടില്ലെന്ന് കോടതി വിലക്കി. ഗുരുതരസാഹചര്യമായിട്ടും 13608 കോടി വായ്പാനുമതി സ്വീകരിക്കാത്തത് എന്തെന്ന് ചോദിച്ചപ്പോൾ കേസ് പിൻവലിക്കണമെന്ന കേന്ദ്രനിബന്ധന കേരളം ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.

ഭരണഘടനയിലെ അനുച്ഛേദം 131 പ്രകാരം കേന്ദ്രത്തിനെതിരെ കേസ് നൽകാൻ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് കോടതി നിലപാടെടുത്തു. ഭരണഘടനയുടെ പരിധിയിൽ നിന്നുകൊണ്ട് മറ്റ് എന്തു നിബന്ധനയും കേന്ദ്രത്തിന് വയ്ക്കാം. ചർച്ചകളുടെ ഫലം ഇരുഭാഗവും ശ്രദ്ധയിൽപ്പെടുത്തുന്ന മുറയ്ക്കേ ഇനി കേസ് പരിഗണിക്കൂ.