election

തിരുവനന്തപുരം : തലസ്ഥാന മണ്ഡലത്തിന്റെ അമരം പിടിക്കാനിറങ്ങിയ മൂവരും അതികായർ. മൂന്നുവട്ടം തരൂരിന്റെ 'കൈ'പിടിച്ച മണ്ഡലത്തെ വീണ്ടും 'നെൽക്കതിരണിയിക്കാൻ' പന്ന്യനും, 'താമരപ്പൂ' വിരിയിക്കാൻ രാജീവ് ചന്ദ്രശഖറും ഒരുങ്ങിക്കഴിഞ്ഞു.

ആനി മസ്‌ക്രീനിൽ തുടങ്ങി ശശി തരൂരിൽ എത്തിനിൽക്കുന്ന പാർലമെന്റംഗങ്ങളുടെ നീണ്ട പട്ടികയാണ് മണ്ഡലത്തിലുള്ളത്. വി.കെ കൃഷ്ണ മേനോൻ, എം.എൻ ഗോവിന്ദൻ നായർ, കെ.വി സുരേന്ദ്രനാഥ്, കെ. കരുണാകരൻ, പി.കെ വാസുദേവൻ നായർ തുടങ്ങി തലയെടുപ്പുള്ളവർ മാറ്റുരച്ച് വിജയിച്ചയിടം .ഇത്തവണ അഭിമാനപ്പോരാണ് .

സിറ്റിംഗ് സീറ്റ് നിലനിറുത്താൻ തരൂരിലൂടെ കോൺഗ്രസും, രണ്ട് വട്ടം മൂന്നാം സ്ഥാനം കൊണ്ട് മുറിവേറ്റ ശേഷം പന്ന്യൻ രവീന്ദ്രനെന്ന ജനകീയ മുഖത്തിലൂടെ തിരികെപ്പിടിക്കാൻ സി.പി.ഐയും ശ്രമിക്കുന്ന മണ്ഡലത്തെ പാർലമെന്റിലേക്കുള്ള കേരളത്തിന്റെ ആദ്യ അക്കൗണ്ടാക്കി മാറ്റാനാണ് രാജീവ് ചന്ദ്രശേഖർ ലക്ഷ്യമിടുന്നത്.

2009ൽ തലസ്ഥാനത്തെത്ത് കന്നിയങ്കം ജയിച്ച തരൂർ മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ സുപരിചിതനാണ്.കഴിഞ്ഞ തവണ 41.9 ശതമാനം വോട്ട് നേടിയ അദ്ദേഹത്തിനെ നേരിടുകയെന്നത് ചില്ലറക്കാര്യമല്ല. അതുകൊണ്ട് തന്നെയാണ് പന്ന്യൻ രവീന്ദ്രനെന്ന മുതിർന്ന സി.പി.ഐ നേതാവിലേക്ക് പാർട്ടി എത്തിയത്.7ൽ 6 നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമാണ്.

തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായപ്പോൾ തന്നെ തലസ്ഥാനത്ത് ഉയർന്നു കേട്ട പേരായിരുന്നു രാജീവ് ചന്ദ്രശേഖറിന്റേത്.അമേരിക്കയിലെ ഹാവാർഡിൽ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചു. 2018ൽ രാജ്യസഭാംഗമായ അദ്ദേഹം നിലവിൽ കേന്ദ്രമന്ത്രിയാണ്.