engineering

തിരുവനന്തപുരം: ഇക്കൊല്ലം മുതൽ ഓൺലൈനായി നടത്തുന്ന എൻജിനിയറിംഗ് പ്രവേശന പരീക്ഷ മേയ് 15മുതൽ പല ഘട്ടങ്ങളായി നടത്തിയേക്കും. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള സമിതിയുടേതാണ് ശുപാർശ. മാർച്ച് 20മുതൽ അപേക്ഷിക്കാനാവും വിധത്തിൽ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് സൂചന.

അപേക്ഷകരുടെ എണ്ണം പരിഗണിച്ചാവും എത്രദിവസമായി പരീക്ഷ നടത്തണമെന്ന് തീരുമാനിക്കുക. 140 കേന്ദ്രങ്ങളിൽ 10ദിവസം വരെ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. പ്രതിദിനം 22,000 കുട്ടികൾക്ക് പരീക്ഷയെഴുതാൻ സൗകര്യമുണ്ട്. സി ഡിറ്റിന്റെ സോഫ്‌റ്റ്‌വെയറുപയോഗിച്ചാണ് ഓൺലൈൻ പ്രവേശന പരീക്ഷ നടത്തുക.

ഓൺലൈൻ പരീക്ഷയായതിനാൽ അതിവേഗത്തിൽ ഫലം പ്രഖ്യാപിച്ച് പ്രവേശനം തുടങ്ങാനാകും. നിലവിൽ 2പരീക്ഷകളാണുള്ളതെങ്കിൽ ഇനി 150 ചോദ്യങ്ങളുള്ള 3മണിക്കൂർ ഒറ്റ പരീക്ഷയാവും. 75ചോദ്യങ്ങൾ മാത്തമാറ്റിക്സ്, 45 എണ്ണം ഫിസിക്സ്, 30എണ്ണം കെമിസ്ട്രി എന്നിങ്ങനെ. ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ സ്കോറായിരിക്കും ബിഫാം പ്രവേശനത്തിന് പരിഗണിക്കുക.

എൻജിനിയറിംഗിന് അപേക്ഷിക്കാതെ ഫാർമസിക്ക് മാത്രം അപേക്ഷിക്കുന്നവർക്ക് 75ചോദ്യങ്ങളുള്ള ഒന്നര മണിക്കൂർ പരീക്ഷ നടത്തും. പ്ലസ്ടുവിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുടെ മാർക്കിനും പ്രവേശന പരീക്ഷയിലെ സ്കോറിനും തുല്യപരിഗണന നൽകിയാവും റാങ്ക് പട്ടിക തയ്യാറാക്കുക. പരീക്ഷാ തീയതിയിലടക്കം സർക്കാരാണ് അന്തിമ തീരുമാനമെടുക്കുക.