
വെഞ്ഞാറമൂട്: ടൂറിസം പദ്ധതി പ്രദേശമായ വെള്ളാണിക്കൽ പാറയിലും,പുളിമാത്ത് പഞ്ചായത്തിലെ പൊരുന്തമണിലെ റബർ തോട്ടത്തിലും ബുധനാഴ്ച തീപിടിത്തമുണ്ടായി.രണ്ടിടത്തുമായി 12 ഏക്കറോളം സ്ഥലത്തെ അടിക്കാടുകളും കുറ്റിച്ചെടികളും കത്തി നശിച്ചു.വെഞ്ഞാറമൂട് അഗ്നിരക്ഷാസേനയെത്തിയാണ് ഇവിടങ്ങളിലെ തീ നിയന്ത്രണ വിധേയമാക്കിയത്. വെള്ളാണിക്കൽ പാറയിൽ രാവിലെ 11ഓടെയാണ് തീപിടിത്തമുണ്ടായത്.ഇവിടെ അഞ്ച് ഏക്കറോളം സ്ഥലത്തെ കുറ്റിക്കാടുകൾ കത്തി നശിച്ചു.പത്ത് ദിവസത്തിനുള്ളിനുള്ളിൽ രണ്ടാമത്തെ തവണയാണ് ഇവിടെ അഗ്നിബാധയുണ്ടാവുന്നത്.വൈകിട്ട് 3ഓടെയാണ് പൊരുന്തമണിൽ റബർതോട്ടത്തിൻ തീപിടിത്തമുണ്ടായത്.ഇവിടെ ഏഴ് ഏക്കറോളം സ്ഥലത്തെ അടിക്കാട് കത്തി നശിച്ചു.അഗ്നിബാധയുണ്ടായ രണ്ടിടങ്ങളിലും അഗ്നിശമനസേനാ വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയാത്തതിനാൽ തീ കെടുത്തൽ ദുഷ്‌കരമായിരുന്നു.മരച്ചില്ലകൾ വെട്ടിയടിച്ചും മറ്റ് പ്രാദേശികമായി കിട്ടിയ വസ്തുക്കൾ ഉപയോഗപ്പെടുത്തിയുമാണ് സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കിയത്.