peppara

തിരുവനന്തപുരം: മഴ ലഭിച്ചില്ലെങ്കിലും വേനൽക്കാലത്ത് നഗരത്തിൽ കുടിവെള്ളം മുട്ടുമെന്ന ആശങ്ക വേണ്ട.നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പേപ്പാറ ഡാമിൽ മതിയായ വെള്ളം ഉള്ളതിനാലാണിത്. ഇന്നലെ ഡാമിലെ ജലനിരപ്പ് 104.55 മീറ്ററാണ്.പ്രതിനിദിനം 5 സെന്റീമീറ്റർ വച്ച് ഡാമിലെ ജലനിരപ്പ് താഴുന്നുണ്ടെങ്കിലും ജൂൺ 15 വരെ ജലക്ഷാമം ഉണ്ടാകില്ലെന്ന് അരുവിക്കരയിലെ ജല അതോറിട്ടി അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു. ഇതിനിടയിൽ വേനൽമഴ കൂടി ലഭിക്കുകയാണെങ്കിൽ ജലനിരപ്പ് വീണ്ടും ഉയരും.ഡാമിലെ വൈദ്യുതോത്‌പാദനത്തിനുശേഷം മിച്ചമുള്ള ജലമാണ് ശുദ്ധീകരിച്ച് അരുവിക്കര വഴി പൈപ്പുകളിലൂടെ നഗരത്തിന്റെ ദാഹമകറ്റാൻ ഉപയോഗിക്കുന്നത്.നിലവിൽ 400 ദശലക്ഷം ലിറ്റർ വെള്ളമാണ് നഗരത്തിന് ആവശ്യമുള്ളത്. എന്നാൽ, 320 എം.എൽ.ഡി ജലം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്.

 ജലനിരപ്പ് പരമാവധിയാക്കാൻ സർവേ
ഡാമിന്റെ പരമാവധി ശേഷിയായ 110.50 മീറ്ററിൽ ജലം സംഭരിക്കുന്നതിനുള്ള നടപടി അധികൃതർ സ്വീകരിച്ചുവരികയാണ്. ഇതിനുള്ള അപേക്ഷയിന്മേൽ ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ,​വൈൽഡ് ലൈഫ് വാർഡൻ എന്നിവർ റിപ്പോർട്ട് നൽകിയിരുന്നു.എന്നാൽ പുതിയ സർവേ നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്. റിസർവോയറിന്റെ സംരക്ഷണം വനംവകുപ്പിനാണ്. 13ന് സർവേ നടക്കും.റിപ്പോർട്ട് പിന്നീട് ചീഫ് വൈൽഡ് ലൈഫ് വാർഡന് സമർപ്പിക്കും.തുടർന്ന് സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിക്കും.സംഭരണശേഷി പരമാവധിയാക്കുമ്പോൾ ഡാമിന്റെ റിസ‌ർവോയറിൽ സ്ഥിതി ചെയ്യുന്ന ആദിവാസി സെറ്റിൽമെന്റായ പൊടിയക്കാല മുങ്ങും.ഇത് പരിഹരിക്കുന്നതിനായി സെറ്റിൽമെന്റിലേക്കുള്ള റോഡ് ഉയർത്തിയിട്ടുണ്ട്.ഇരുതോളം സെറ്റിൽമെന്റുകളാണ് ഇവിടെയുള്ളത്.

പേപ്പാറയിലെ ജലനിരപ്പ്

 നിലവിലെ ജലനിരപ്പ്:104.55 മീറ്റർ
 ജലനിരപ്പ് 2023ൽ:104.60 മീറ്റർ

 2022ൽ:105 മീറ്റർ
 2021ൽ :101മീറ്റർ

അരുവിക്കരയിലെ കുടിവെള്ള പ്ളാന്റുകൾ

 1973ലെ 72 എം.എൽ.ഡി

 1999 ലെ 86 എം.എൽ.ഡി

 2011ലെ 74 എം.എൽ.ഡി

 2021ലെ 75 എം.എൽ.ഡി