
കാട്ടാക്കട: നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ മാസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിലായി. കല്ലാമം ഷിബിൻ ഭവനിൽ വി. വിപിനാണ് അറസ്റ്റിലായത്. വിവാഹം കഴിഞ്ഞ് 15ാം നാൾ നവവധുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ഭർത്താവായ വിപിനെ കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം, സ്ത്രീധന പീഡനം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 2023 ജൂലായ് 2 നാണ് പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി സോന ഭവനിൽ പ്രഭാകരൻ- എം.ശൈലജ ദമ്പതികളുടെ മകൾ പി.എസ്. സോന (24)ഭർത്താവ് വിപിന്റെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നു. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് വിവാഹം ആർഭാടമായി നടത്തി. വിവാഹശേഷം ഭർത്താവിനൊപ്പം സ്വന്തം വീട്ടിലെത്തിയ സോന സന്തോഷവതിയായിരുന്നുവെന്നും ദിവസങ്ങൾക്കുള്ളിൽ എന്താണ് സംഭവിച്ചതെന്നതിൽ അന്വേഷണം വേണമെന്നുമാണ് വീട്ടുകാരുടെ ആവശ്യം.
കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിൽ ഒരു വർഷത്തോളമായി ജീവനക്കാരിയായിരുന്നു സോന. സംഭവദിവസം രാത്രി 9ന് വിപിൻ ഉറങ്ങിയെന്ന് പറയുമ്പോഴും 10.30വരെ ഓൺലൈനിൽ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവർ തമ്മിൽ പ്രശ്നം ഉണ്ടായതായി ആരും മൊഴി നൽകിയിരുന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി ബുധനാഴ്ച വിപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.