തിരുവനന്തപുരം: റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന സി.പി.ഒ റാങ്ക് ഹോൾഡർമാരുടെ റോഡ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. സമരമാരംഭിച്ച് 24 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ഇന്നലെ വൈകിട്ട് 3നു ഉദ്യോഗാർത്ഥികൾ എം.ജി റോഡ് ഉപരോധിച്ചത്.

ഉദ്യോർഗാർത്ഥികളെ റോഡിൽ നിന്നുമാറ്രാൻ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരാഹാരം അനുഷ്‌ഠിക്കുന്ന രണ്ടു ഉദ്യോഗാർത്ഥികൾക്കും കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാക്കൾക്കും പരിക്കേറ്റു. കെ.എ.പി 5 ബറ്റാലിയനിലെ റാങ്ക് ഹോൾഡർമാർ, കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് കുര്യാത്തി, കെ.എസ്.യു, ജില്ല വൈസ് പ്രസിഡന്റ് ബൈജു കാസ്ട്രോ, ഫൈസൽ എന്നിവർക്കാണ് പരിക്കേറ്റത്.

ചർച്ചയ്ക്കു അവസരം ഒരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഉദ്യോഗാർത്ഥികൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. അധികൃതർ അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിക്കാൻ തീരുമാനിച്ചത്. 300 ലധികം ഉദ്യോഗാർത്ഥികൾ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. പൊലീസ് ജാമ്യമില്ല വകുപ്പു ചുമത്തി കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഉദ്യോഗാർത്ഥികൾ പിന്മാറാൻ തയ്യാറായില്ല. ഈ വഴിയുള്ള ഗതാഗതവും തടസപ്പെട്ടു. തുടർന്ന് കൂടുതൽ പൊലീസ് സേന സ്ഥലത്തെത്തി.

ഉദ്യോഗാർത്ഥികൾക്കു പിന്തുണയുമായി തൊട്ടടുത്തെ സമരപ്പന്തലിൽ നിരാഹാരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള അൻപതോളം യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കളും രംഗത്തെത്തി. ഉപരോധം മുക്കാൽ മണിക്കൂർ പിന്നിട്ടതോടെ പൊലീസ് എട്ടു ഉദ്യോഗാ‌ർത്ഥികളെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് ബസിലേക്ക് കയറ്റി. ഇതിൽ പ്രകോപിതരായ ഉദ്യോഗാർത്ഥികൾ പൊലീസ് വാഹനത്തിനു കുറുകെ റോഡിൽ കിടന്നു. ഇവരെ പൊലീസ് വലിച്ചിഴച്ചു മാറ്റി. രാഹുലിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇതു തടയാനെത്തിയതിനെത്തുടർന്നാണ് പൊലീസ് ലാത്തി വീശിയത്. 15 മിനിട്ടോളം സംഘർഷം നീണ്ടു.

യൂത്ത് കോൺഗ്രസ് നേതാക്കളുമായി അസി. കമ്മിഷണർ നടത്തിയ ചർച്ചയിൽ ഉദ്യോഗാർത്ഥികൾക്കെതിരെ കേസെടുക്കില്ലെന്ന ഉറപ്പുനൽകി. തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു. എന്നാൽ ഉദ്യോഗാർത്ഥികൾ പിരിഞ്ഞു പോയില്ല. ചർച്ചയ്ക്കു വിളിക്കാതെ പിരിഞ്ഞു പോകില്ലെന്ന് പ്രഖ്യാപിച്ച ഉദ്യോഗാർത്ഥികൾ രാത്രി വൈകിയും എം.ജി റോഡിന്റെ ഒരുവശം ഉപരോധിച്ചു.