governor

തിരുവനന്തപുരം: നിയമനത്തിൽ അപാകത കണ്ടെത്തിയ നാല് വൈസ്ചാൻസലർമാരെ ഗവർണർ ഇന്ന് പുറത്താക്കിയേക്കും. കാലിക്കറ്റ് (ഡോ.എം.ജെ. ജയരാജ്), സംസ്കൃതം (ഡോ.എം.വി.നാരായണൻ), ഡിജിറ്റൽ (ഡോ.സജി ഗോപിനാഥ്), ഓപ്പൺ (മുബാറക് പാഷ) എന്നിവരെയാവും പുറത്താക്കുക. എല്ലാവർക്കും ഉത്തരവ് ഇന്ന് നൽകിയേക്കും. ഇതിന്റെ നടപടിക്രമങ്ങൾ ഇന്നലെ രാജ്ഭവനിൽ പൂർത്തിയായി.

മുബാറക് പാഷ രാജിക്കത്ത് നൽകിയെങ്കിലും ഗവർണർ സ്വീകരിച്ചിരുന്നില്ല. നാലുപേരുടെയും നിയമനം അസാധുവാണെന്ന് യു.ജി.സി ഗവർണറെ അറിയിച്ചിരുന്നു. അതിനാലാണ് പാഷയുടെ രാജിക്കത്ത് സ്വീകരിക്കാതിരുന്നത്. സജി ഗോപിനാഥിനാണ് സാങ്കേതിക വാഴ്സിറ്റിയുടെയും വി.സിയുടെ ചുമതല. പുറത്താക്കിയാൽ 2 വാഴ്സിറ്രികൾക്കും വി.സി ഇല്ലാതാവും.

യു.ജി.സി പ്രതിനിധിയുൾപ്പെട്ട കമ്മിറ്റിയില്ലാതെ നിയമിച്ചതാണ് ഓപ്പൺ, ഡിജിറ്റൽ വി.സിമാർക്ക് കുരുക്കായത്. ഓപ്പൺ വി.സിക്ക് പ്രൊഫസറായി 10വർഷത്തെ പരിചയവുമില്ല. നിയമനത്തിനുള്ള കമ്മിറ്റിയിൽ ചീഫ്സെക്രട്ടറി അംഗമായതാണ് കാലിക്കറ്റ് വി.സിക്ക് കുരുക്കായത്. നിയമനത്തിന് പാനലിന് പകരം ഒറ്റപ്പേര് നൽകിയതാണ് സംസ്കൃത വി.സിക്ക് പുറത്തേക്കുള്ള വഴിതെളിച്ചത്.

വി.സിമാരെ പുറത്താക്കിയാലും അപ്പീലിന് 10ദിവസം നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. നേരത്തേ സാങ്കേതികം, ഫിഷറീസ്, കണ്ണൂർ വി.സിമാരെ നിയമനത്തിൽ അപാകത കണ്ടെത്തി കോടതികൾ പുറത്താക്കിയിരുന്നു. മുൻപ് എം.ജി വി.സിയായിരുന്ന എ.വി ജോർജിനെ ഗവർണറായിരുന്ന ഷീലാദീക്ഷിത് പുറത്താക്കിയിരുന്നു.