
പാട്ടിന്റെ വരികളിൽ ഹൃദയരാഗങ്ങളുടെ മാത്രമല്ല, ഹൃദയ രഹസ്യങ്ങളുടെയും കൗതുകം ചേർത്തുവച്ച ശ്രീകുമാരൻ തമ്പിക്ക് മാർച്ച് 16ന് 84 വയസ്. ശതാഭിഷിക്തനാകുന്ന അദ്ദേഹം ജീവിതത്തെ സിനിമയിൽ നിറച്ചുവയ്ക്കുകയായിരുന്നു
കുളി കഴിഞ്ഞ് നെറ്റിയിൽ ചന്ദനംകൊണ്ട് ഒരു കുറി. ഇപ്പോഴും തമ്പിസാറിന് അത് പതിവാണ്. കുട്ടിക്കാലത്ത് അമ്മ പഠിപ്പിച്ച ശീലം. തിരുവനന്തപുരത്തെ വീട്ടിലും ചെന്നൈയിലെ വീട്ടിലും ഗുരുവായൂരിൽ നിന്ന് കൊണ്ടുവന്ന കളഭമുണ്ട്. 'ഈ കുറിയുണ്ടെങ്കിൽ അമ്മ എന്റെ കൂടെയുണ്ട്. അമ്മയെ ഞാൻ വിട്ടുപോയിട്ടില്ല." ശ്രീകുമാരൻ തമ്പി പറയുന്നത് ചുവരിൽ, അമ്മ ഭവാനിഅമ്മ തങ്കച്ചിയുടെ ചിത്രം നോക്കിയാണ്.
കുളി കഴിഞ്ഞ് കുറിയിടണമെന്നത് അമ്മയുടെ നിർബന്ധമായിരുന്നു. അമ്മ എപ്പോഴും കുറിയിട്ടിരുന്നു. അമ്മയുണ്ടായിരുന്നപ്പോൾ, അമ്മ കുറിയിടുന്നതിനൊപ്പം എന്റെ നെറ്റിയിലും കുറി തൊട്ടുതരും. ഞാനത് തുടരുന്ന് മതപരമായ ചടങ്ങായിട്ടല്ല- കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, സംഗീത സംവിധായകൻ, നോവലിസ്റ്റ്.... അങ്ങനെ പടർന്നുകിടക്കുന്ന ശ്രീകുമാരൻ തമ്പി എന്ന മഹാപ്രതിഭയെ ഹൃദയഗീതങ്ങളുടെ കവിയെന്നു വിളിക്കാനാണ് മലയാളിക്ക് ഇഷ്ടം.
കഴിഞ്ഞുപോയ അഞ്ചു പതിറ്റാണ്ടുകളിൽ മലയാളിയുടെ പ്രണയസങ്കല്പത്തിന്മേൽ വശ്യസുന്ദരമായ വരികൾകൊണ്ട് നിറവും സുഗന്ധവും നൽകിയ ഇന്ദ്രജാലക്കാരനായിരുന്നു ശ്രീകുമാരൻ തമ്പി. ആ നിത്യഹരിത ഗാനങ്ങളിൽ ഒന്നെങ്കിലും മൂളാത്തവരുണ്ടാകില്ല. ശ്രോതാക്കളുടെ ഹൃദയങ്ങളിൽ ഉന്മാദം സൃഷ്ടിച്ച ആ പാട്ടെഴുത്തുകാരനെയാവും ആസ്വാദകർക്ക് ഏറ്റവും ഇഷ്ടം. പാട്ടുകൾക്ക് സിനിമയിൽ മറ്റെന്തിനേക്കാൾ പ്രാധാന്യമുണ്ടായിരുന്ന കാലത്ത് അതിമനോഹരമായ രചനകൾകൊണ്ട് വസന്തം തീർത്ത കവിക്ക് ഈ പതിനാറിന് 84 തികയും. ആയിരം പൂർണചന്ദ്രനെ കണ്ടുവെന്ന ക്ലീഷേയിൽ ഇത്തവണത്തെ പിറന്നാളിനെ വിശേഷിപ്പിച്ചാലും കവിക്ക് പരിഭവമില്ല. ആഘോഷമില്ലെന്നു മാത്രം. മകൻ രാജ്കുമാർ തമ്പിയുടെ മരണത്തോടെ വേണ്ടെന്നുവച്ചതാണ് എല്ലാ ആഘോഷവും.
ഹൃദയവാഹിനീ
ഒഴുകുന്നു നീ
തിരുവനന്തപുരത്ത്, പേയാടുള്ള വീടിന്റെ സ്വീകരണ മുറിയിലും അടുത്ത മുറിയിലും ചുവരിലും നിലത്തും ഷെൽഫിലുമെല്ലാം പുരസ്കാരങ്ങൾ. എല്ലാം നിരത്തിവച്ചാൽ ആ വീട് മതിയാകില്ലെന്നു തോന്നി. മലയാളികളുടെ സ്നേഹവും ആദരവുമാണ് മുറിയകം നിറയെ. ആദ്യം കിട്ടിയ അംഗീകാരമെന്തായിരുന്നു? തമ്പിസാറിന്റെ മറുപടി പെട്ടന്ന്: ആദ്യം കിട്ടിയത് കെ. ബാലകൃഷ്ണന്റെ കൗമുദിയുടെ സമ്മാനമായിരുന്നു. അന്ന് എനിക്ക് പതിനാറ് വയസേയുള്ളൂ. കുട്ടികളുടെ പംക്തിയിൽ കഥയ്ക്കും കവിതയ്ക്കും മത്സരമുണ്ടായിരുന്നു. രണ്ടിനും സമ്മാനം കിട്ടി. ഞാൻ അദ്ദേഹത്തിന്റെ പെറ്റ് ആയി മാറി. അന്ന് കൗമുദിയിൽ എല്ലാ ലക്കത്തിലും വയലാറും ഒ.എൻ.വിയും എഴുതും. എം. കൃഷ്ണൻ നായരെ അവതരിപ്പിച്ചത് കൗമുദിയിലൂടെ ബാലകൃഷ്ണനായിരുന്നു. കൗമുദിയുടെ സമ്മാനം വലിയ അംഗീകരമാണ്. വലിയ എഴുത്തുകാരെ സൃഷ്ടിക്കുന്നത് കൗമുദിയായിരുന്നു. മാർക്കിടുന്നത് വലിയ എഴുത്തുകാരണ്. അവർ ശ്രദ്ധിക്കുന്നതുതന്നെ നല്ല തുടക്കമായിരുന്നു.
സാഹിത്യപരിഷത്തിന്റെ കവിതാ മത്സരത്തിലും സമ്മാനം കിട്ടി. 18, 19 വയസാകുമ്പോഴേക്കും ഞാൻ അത്യാവശ്യം പോപ്പുലർ ആയിരുന്നു. കഥയെഴുത്ത്, കവിത, സ്ക്രിപ്റ്റ്.... പാട്ടും എഴുതും. ജീവിതത്തിലുടനീളം എന്റെ ശത്രു അസൂയയാണ്. പാട്ടെഴുതുന്നു- അത് ഹിറ്റാകുന്നു; സ്ക്രിപ്റ്ര് എഴുതുന്നു- അത് ഹിറ്റാകുന്നു. സംവിധാനം ചെയ്യുന്നു , 33 വയസിൽ സിനിമ നിർമ്മിക്കുന്നു... അപ്പോൾ സ്വാഭാവികമായും പലർക്കും അസൂയ തോന്നാം.
മലയാളികളുടെ ഏറ്റവും വലിയ ക്വാളിറ്റി അസൂയയാണ്!
ജയിക്കാനായ്
ജനിച്ചവൻ ഞാൻ
ശത്രുക്കൾ വരുമ്പോഴാണ് നമുക്ക് ശക്തി വരുന്നത്. എന്നെ സഹായിക്കുന്നത് ശത്രുക്കളാണ്. എല്ലാവരും ബന്ധുക്കളായാൽ ജീവിതത്തിൽ ഒരു രസവുമുണ്ടാകില്ല. കുണ്ടും കുഴിയും നിറഞ്ഞതാണ് ജീവിതം. ഞാൻ എന്റെ കഴിവിൽ വിശ്വസിക്കുന്നു. ശത്രുക്കളോട് എനിക്ക് ബഹുമാനമാണ്. ഞാൻ ശ്രീകുമാരൻ തമ്പിയായതുകൊണ്ടാണ് അവർ എനിക്ക് ശത്രുക്കളാകുന്നത്. നിങ്ങൾ കഴിവുള്ളവനാണെങ്കിൽ ഒരു വാതിൽ അടയുമ്പോൾ മറ്റൊരു വാതിൽ തുറക്കും. അതിന് നിങ്ങോളോടുതന്നെ നിങ്ങൾക്ക് ആത്മാർത്ഥതയുണ്ടായിരിക്കണം.
'ജീവിതം ഒരു പെൻഡുലം"എന്ന ആത്മകഥയും 'കറുപ്പും വെളുപ്പും മായാവർണങ്ങളും" എന്ന ആത്മകഥാ പരമ്പരയും പുറത്തുവന്നപ്പോഴാണ് ഒരു കോക്കസിലും പെടാത്ത മലയാളികൾ എന്നെ കൂടുതൽ തിരിച്ചറിഞ്ഞത്. ആത്മകഥയിൽ ഞാനൊന്നും ഒളിച്ചില്ല. വയലാർ പുരസ്കാരം കിട്ടിയപ്പോൾ മുൻപു കിട്ടാതിരുന്നതിനെപ്പറ്റി പറഞ്ഞ് എന്തിന് ശത്രുക്കളെ സൃഷ്ടിക്കുന്നുവെന്നു ചോദിച്ച സുഹൃത്തുക്കളുണ്ട്. ഇതുവരെ ശത്രുക്കളെ പേടിക്കാത്ത ഞാൻ 84–ാംവയസിൽ പേടിക്കണോ? എന്റെ മനസിൽ ഇപ്പോഴും ഒരു 'ഫയർ" ഉണ്ട്. ശത്രു ഇല്ലെങ്കിൽ ജീവിതം ശൂന്യമാണ്.
ഇരുപത്തിയാറാം വയസിൽ ദേവരാജൻ മാസ്റ്റർ ഇനി തമ്പിയുടെ കൂടെ ജോലി ചെയ്യില്ലെന്നു പറഞ്ഞു. പിന്നീട് മാസ്റ്റർ കൂടെ വർക്കു ചെയ്തു.
അശ്വതി നക്ഷത്രമേ
എൻ അഭിരാമ....
മലയാളം കണ്ട ഏറ്റവും മികച്ച ഗാനരചയിതാവ് പി. ഭാസ്കരൻ ആണ്. വയലാറും ഒ.എൻ.വിയും അതിനു പിന്നിലേ വരൂ. തിയേറ്ററിനു പുറത്തു നിന്ന് തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്തചന്ദ്രികയാരോ നീ... എന്ന പാട്ടു കേൾക്കുമ്പോൾ എനിക്ക് പതിനൊന്ന് വയസേയുള്ളൂ. 1951-ൽ റിലീസ് ചെയ്ത നവലോകം എന്ന സിനിമയിലെ പാട്ടാണ്. തിയേറ്ററിൽ ഫസ്റ്റ് ഷോയ്ക്കും സെക്കഡ് ഷോയ്ക്കും ഇടയ്ക്ക് ഈ പാട്ട് ഇടും. എന്നും ഇതു കേൾക്കും. എനിക്കും ഇങ്ങനെ എഴുതണമെന്ന ചിന്തയുണ്ടായി. പിന്നീട് ഭാസ്ക്കരൻ മാഷിന്റെ നീലക്കുയിൽ,രാരിച്ചൻ എന്ന പൗരൻ എന്നീ സിനിമകൾ കണ്ടു.
'നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം...." എന്ന പാട്ട് വല്ലാതെ ആകർഷിച്ചു. ഒരു ചെറിയ ചന്ദ്രൻ നാടാകെ നിലാവു കൊടുക്കുന്നു എന്ത് മനോഹരമായ ഭാവന, അതിനെ ലളിതമായ നാടൻ പാട്ടാക്കിയിരിക്കുന്നു.
വായനശാലയിൽ നിന്ന് ഭാസ്കരൻ മാഷിന്റെ 'ഓർക്കുക വല്ലപ്പോഴും"എന്ന കവിതാ സമാഹാരം വായിച്ചു.
'യാത്രയാക്കുന്നു സഖീ നിന്നെ
ഞാൻ മൗനത്തിന്റെ
നേർത്ത പട്ടുനൂൽ പൊട്ടിച്ചിതറും
പദങ്ങളാൽ...."
യാത്രയാക്കാൻ വന്ന നിമിഷം കാമുകന്റെ മനസ്സിൽ ഉടലെടുക്കുന്ന ചിന്തകൾ ബാലനായ എന്റെ മനസിൽപ്പോലും ചിത്രം വരയ്ക്കുകയാണ്. ഭാസ്കരൻ മാഷാണ് എന്റെ പ്രചോദനം. വയലാറിനെയും ഒ.എൻ.വിയെയും ഇഷ്ടമല്ലെന്നല്ല അർത്ഥം.
എന്റെ ആദ്യ കവിതാ സമാഹാരത്തിന് അവതാരിക എഴുതിയത് വയലാറാണ്. സിനിമയിൽ പാട്ടെഴുതണമെന്നും സിനിമ സംവിധാനം ചെയ്യണമെന്നും തോന്നാൻ കാരണം ഭാസ്കരൻ മാഷാണ്. ഞാൻ സിനിമാരംഗത്തു വന്നപ്പോൾ ഇതൊന്നും അറിയാതെതന്നെ അദ്ദേഹം എന്നെ പിന്തുണയ്ക്കാൻ തുടങ്ങി. എന്റെ ഒരു ലേഖനം അദ്ദേഹം വായിച്ചിട്ടുണ്ട്.അതു മാത്രമേ അദ്ദേഹത്തിന് അറിയൂ. സിനിമയിൽ വന്നതിനു ശേഷം,ഭാസ്കരൻ മാഷിന് എന്നെ ഇഷ്ടമാണെന്ന് ഞാൻ അറിയുന്നത് ഒരിക്കൽ അടൂർഭാസി പറഞ്ഞപ്പോഴാണ്.
ഭാസി പറഞ്ഞു: തമ്പി രക്ഷപ്പെട്ടു കേട്ടോ. ഇന്നലെ ഞാനും ഭാസ്ക്കരൻ മാഷും മറ്റു നാലഞ്ചുപേരും ഒരുമിച്ചു കൂടി. എല്ലാവരും ഒരു പാട്ട് പാടണം. അപ്പോൾ ഭാസ്കരൻ മാഷ് പറഞ്ഞു; ഇന്ന് എന്റെ പാട്ടല്ല; നമ്മുടെ കൊച്ചു തമ്പിയുടെ പാട്ടാണ് പാടാൻ പോകുന്നതെന്ന്!
അശ്വതി നക്ഷത്രമേ.... എൻ അഭിരാമ സങ്കല്പമേ.... എന്ന പാട്ടായിരുന്നു അത്. എനിക്ക് അത് വളരെ സന്തോഷമായി. എന്നെ ശ്രദ്ധിക്കുകയും,എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കാക്കത്തമ്പുരാട്ടി എന്ന എന്റെ നോവൽ ഭാസ്കരൻ മാഷാണ് സിനിമയാക്കിയത്. എതിരാളിയായി വരുന്നയാൾ തന്റെ അവസരങ്ങൾ തട്ടിയെടുക്കുമോ എന്ന് വിചാരിക്കുന്നവരാണ് കൂടുതലും. ഭാസ്കരൻ മാഷ് ആദ്യമായി സിനിമയെടുത്തപ്പോൾ പറഞ്ഞത്, നമുക്ക് രണ്ടു പേർക്കുംകൂടി ആ സിനിമയ്ക്ക് പാട്ടെഴുതണമെന്നാണ്. പി. സുബ്രഹ്മണ്യം, ടി.ഇ. വാസുദേവൻ, ഭാസ്കരൻ മാഷ് എന്നിവരാണ് സിനിമയിൽ എനിക്ക് ഇടം തന്നത്.
ഒന്നാം രാഗം പാടി,
ഒന്നിനെ മാത്രം...
എനിക്കു ശേഷം ഗാനരചനാ രംഗത്ത് വന്നവരിൽ കൈതപ്രവും ഗിരീഷ് പുത്തഞ്ചേരിയും കഴിഞ്ഞാൽ ഇഷ്ടം റഫീക്ക് അഹമ്മദിനെയാണ്. റഫീക്ക് കവിയാണ്. വെറും വരികളല്ല അത്. കവിത്വം അതിൽ കാണാനാകും. ഇപ്പോഴത്തെ തലമുറയിൽ വിനായക് ശശികുമാർ, ഹരിനാരായണൻ എന്നിവരുടെ പാട്ടുകൾ കേൾക്കാറുണ്ട്. നല്ല പാട്ടുകൾ അവർ എഴുതുന്നുണ്ട്. പക്ഷെ, ഇത് നല്ല പാട്ടഴുതാൻ കഴിയാത്ത കാലഘട്ടമാണ്. സംവിധായർക്ക് നല്ല പാട്ട് വേണമെന്ന് ആഗ്രഹമില്ല. പോസ്റ്ററുകളിൽപ്പോലും പാട്ടെഴുത്തുകാരുടെ പേരു കാണില്ല.
സംഗീത സംവിധായകനായിരിക്കും ആര് പാട്ടെഴുതണമെന്ന് തീരുമാനിക്കുന്നത്. ട്യൂൺ വാട്സ്അപ്പ് ചെയ്യും. വരികൾ വാട്സ്അപ്പ് ചെയ്യും. അങ്ങനെ പാട്ടായി. കഥ, സാഹചര്യം എല്ലാം ചർച്ച ചെയ്താണ് ഗാനരചയിതാവ് പണ്ട് പാട്ടെഴുത്ത് തുടങ്ങുന്നത്. അങ്ങനെ ഒരു ചർച്ച ഇപ്പോഴില്ല. പണ്ട് മേൽക്കൈ ഗാനരചയിതാവിനാണ്. ദേവരാജൻ മാസ്റ്ററായിരുന്നു അന്നത്തെ മികച്ച സംഗീത സംവിധായകൻ. പക്ഷെ പാട്ട് അറിയപ്പെടുന്നത് വയലാർ - ദേവരാജൻ ജോഡിയുടെ പാട്ട് എന്നല്ലേ.
ഇന്ന് എം. ജയചന്ദ്രനാണ് സംഗീതമിടുന്നതെങ്കിൽ ജയചന്ദ്രന്റെ പേരിലാണ് പാട്ട് അറിയപ്പെടുന്നത്. വരികൾക്ക് അനുയോജ്യമായ രാഗം കണ്ടെത്തുമായിരുന്നു മുമ്പ് . ഇന്ന് രാഗമൊന്നുമില്ല താളം മാത്രമെ ഉള്ളൂ. മലയാള കവിത മരിച്ചുവെന്ന് ഞാൻ പറയും. ഗദ്യമെഴുതി വിട്ടിട്ട് കവിത എന്നു പറയും. ഇപ്പോഴത്തെ പല കവിതകളും വായിച്ചാൽ ചെറുകഥയാണോ കവിതയാണോ എന്ന് തിരിച്ചറിനാകില്ല. വൃത്തം വേണം. അലങ്കാരം വേണം.
ഇപ്പോഴത്തെ കവി ശ്രേഷ്ഠന്മാർ പറയും, അത് ബഹുസ്വരതയാണെന്ന്. വായിക്കുന്നവർക്ക് അവർക്കിഷ്ടമുള്ള അർത്ഥം വ്യാഖ്യാനിക്കാം. അനേകം ആശയങ്ങളുണ്ട്. അവരെല്ലാം ബുദ്ധിജീവികളാണ്. അവർ തന്നെ അവാർഡുകൾ പങ്കുവയ്ക്കുകയും ചെയ്യും.
കാലമേ കാലമേ
കനകത്തിൻ...
നടൻ ജയനുമായി നല്ല ബന്ധമായിരുന്നു ആകെ ആറു വർഷമേ രംഗത്തുണ്ടായിരുന്നുള്ളൂ. 78-ലാണ് ആദ്യമായി നായകനാകുന്നത്. 80-ൽ മരിച്ചു. രണ്ടുവർഷം മാത്രം നായകനായി നിലകൊണ്ട് പ്രശസ്തനായ ഒരു നടൻ ലോക സിനിമയിൽ വേറെയുണ്ടാകില്ല. മരണത്തിന് നൂറു ശതമാനം ഉത്തരവാദി ജയൻ തന്നെയാണ്. ഡയറക്ടർ ഓക്കെ എന്നു പറഞ്ഞാലും ജയൻ ഒന്നൂകൂടി ചെയ്യണമെന്ന് പറയും. എത്രവലിയ നടനാണെങ്കിലം ഡയറക്ടറെ അനുസരിക്കാൻ പഠിക്കണം. ഞാൻ സംവിധാനം ചെയ്ത നായാട്ട്, പുതിയവെളിച്ചം സിനിമകളിൽ റിസ്കുള്ള ഷോട്ടുകൾ ഒന്നുകൂടി എടുക്കാമെന്ന് ജയൻ പറഞ്ഞു. ഞാൻ പറ്റില്ലെന്നു പറഞ്ഞു.
എന്നോടു തർക്കിക്കില്ല. ഗുഡ്സ് ട്രെയിനിലേക്ക് വീടിനു മുകളിൽ നിന്ന് ചാടുന്ന സീനിൽ ഡ്യൂപ്പ് വേണ്ടെന്ന് ജയൻ പറഞ്ഞു, ഞാൻ സമ്മതിച്ചില്ല.
വിശ്വസിപ്പിക്കുക എന്നതാണ് സിനിമ. ഒറിജിനൻ ആകണമെന്നില്ല. അങ്ങനെയാണെങ്കിൽ ഭിഷക്കാരനായി അഭിനയിക്കാൻ ഒരു ഭിക്ഷക്കാരനെത്തന്നെ കൊണ്ടുവന്നാൽ പോരേ? മലയാളത്തിൽ സ്വഭാവികമായ അഭിനയശൈലി കൊണ്ടുവന്നത് സത്യൻ മാഷാണ്.
നസീറിന് പരിമിതികളൊന്നുമില്ല. പടയോട്ടവും ഇരുട്ടിന്റെ ആത്മാവും കണ്ടാൽ മതി. നസീർ എപ്പോഴും അന്നത്തെ സിനിമാ വ്യവസായത്തോടൊപ്പം നിന്നു. മമ്മൂട്ടിയുടെ മാറ്റം നല്ലതാണ്. വ്യത്യസ്തമായ വേഷങ്ങൾ ചെയ്യുന്നു. ഭ്രമയുഗത്തിൽ നെഗറ്റീവ് വേഷം ചെയ്തു. പുഴു എന്ന പടത്തിൽ മമ്മൂട്ടിയുടെ വേഷം വ്യത്യസ്തമാണ്. മോഹൻലാലും നടനെന്ന നിലയിൽ നേടേണ്ടതെല്ലാം നേടിക്കഴിഞ്ഞു. ഇനി ചെയ്യേണ്ടത് വ്യത്യസ്തമായ വേഷങ്ങളാണ്.
ചിരിക്കുമ്പോൾ
കൂടെച്ചിരിക്കാൻ
ഞാൻ കണക്ക് പഠിച്ചു. എൻജിനിയറിംഗ് പഠിച്ചു. പിന്നെ ആർക്കിടെക്ചർ കോഴ്സ് ചെയ്തു. സിനിമ റിസ്കാണെന്ന് തോന്നിയപ്പോൾ കൺസ്ട്രക്ഷൻ കമ്പനി തുടങ്ങി. ആ പണംകൊണ്ട് സിനിമ നിർമ്മിച്ചു. പിന്നെ ഏതു വേണമെന്ന് ചോദ്യം വന്നപ്പോൾ കലയാണ് വേണ്ടതെന്ന് തീരുമാനിച്ചു. സാഹിത്യത്തിന്റേയും സിനിമയുടേയും ലോകത്തിലൂടെ സഞ്ചരിച്ചു. അംഗീകാരം അധികാരത്തിന്റെ കൂടെയാണ്. എല്ലാവകും അധികാരത്തിനായി മത്സരിക്കുന്നു. അധികാര കേന്ദ്രങ്ങളോട് ഞാൻ എപ്പോഴും കലഹിക്കാറുണ്ട്. ഞാൻ എന്തെങ്കിലും സ്ഥാനം മോഹിച്ച് നിൽക്കുന്നില്ല. പിന്നെ ഞാൻ ആരെ പേടിക്കണം?
സംസാരിക്കുമ്പോൾ കടുപ്പത്തിൽ ചിലതൊക്കെ പറയുമെങ്കിലും ലളിതമാണ് എന്റെ ജീവിതം. ഞാനൊരു സാധാരണക്കാരനാണ്. ഞാൻ തന്നെ പാചകം ചെയ്ത് കഴിക്കും. ഞാൻ പഠിച്ച പാഠം 'നിങ്ങൾക്കു വേണ്ടി നിങ്ങൾ മാത്രമേ ജോലി ചെയ്യൂ എന്നാണ്. നിങ്ങൾ എന്താകാൻ ആഗ്രഹിക്കുന്നോ; അതിന് നിങ്ങൾതന്നെ പരിശ്രമിക്കണം.
അഭിപ്രായ വ്യത്യാസം ആരോടും പറയും. ചിലർക്ക് ഇഷ്ടപ്പെടില്ല. എനിക്കിഷ്ടമില്ലാത്തിടത്ത് എനിക്ക് നിൽക്കാൻ പറ്റില്ല. പാട്ട് ചർച്ച ചെയ്യുന്നിടത്ത് മദ്യപാനമാണെങ്കിൽ അപ്പോൾ ഞാനിറങ്ങും. ചിലരൊക്കെ അതുകൊണ്ട് എന്നെ അഹങ്കാരിയാക്കി. അവർ വിളിക്കാതിരുന്നതുകൊണ്ട് എനിക്ക് അവസരം കുറഞ്ഞോ? ഇല്ല. ജീവിതത്തിൽ നിങ്ങൾ ആദ്യം വിശ്വസിക്കേണ്ടത് നിങ്ങളെയാണ്.