k

തിരുവനന്തപുരം: ജാർഖണ്ഡുകാരി അനിത കണ്ടുളി കേരളത്തിൽ രാത്രി ഏറെവൈകിയും സ്വിഗി ഡെലിവറി ജോലിചെയ്യുന്നതിന് പിന്നിൽ വലിയൊരു ലക്ഷ്യമുണ്ട്. സ്വന്തം ചെലവിൽ പഠിക്കണം. ഡോക്ടറാവണം, പാവപ്പെട്ടവരെ സൗജന്യമായി ചികിത്സിയ്ക്കണം. സാക്ഷരതാമിഷന് കീഴിൽ പ്ലസ്ടു തുല്യത പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും, ഓർഡറനുസരിച്ച്, വീടുകളിൽ രാത്രി 12 വരെ പച്ചക്കറികളും മറ്റ് സാധനങ്ങളും എത്തിക്കുന്നു ഈ 29കാരി.

ജാർഖണ്ഡ് റാഞ്ചിയിൽ കൂലിപ്പണിക്കാരനായിരുന്ന ബിർസിയുടെയും മുന്നിബായിയുടെയും ആറുമക്കളിൽ രണ്ടാമത്തവളാണ് അനിത. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ജീവിതം. പഠിക്കാൻ മിടുക്കിയായിരുന്നതിനാൽ,അനിതയെ റാഞ്ചിയിലെ അനാഥാലയത്തിൽ ചേർത്ത് പഠിപ്പിക്കാൻ വീട്ടുകാർ തയാറായി. എന്നാൽ അവിടെ അനാഥാലയത്തിൽ പെൺകുട്ടികൾക്ക് പ്രവേശനം ഇല്ല. പട്ടത്ത് അനാഥാലയം നടത്തുന്ന പാസ്റ്റർ സോളമൻ തോമസ് റാഞ്ചിയിലെ അനാഥാലയത്തിൽ താത്കാലിക പ്രവേശനം നേടിയ അനിതയെ കണ്ടതോടെ 2005ൽ, പത്തുവയസിൽ കേരളത്തിലേക്കുള്ള വാതായനം തുറന്നു. തിരുവനന്തപുരത്തെത്തി കുന്നുകുഴി യു.പി.സ്കൂളിൽ മൂന്നാംക്ലാസിൽ പ്രവേശിച്ചു. വീടും നാടും ഉപേക്ഷിക്കേണ്ടി വന്നതും ഭാഷ അറിയാത്തതും വേദനിപ്പിച്ചെങ്കിലും സോളമൻ തോമസിന്റെയുടെയും ഭാര്യ ലീലാമ്മയുടെയും സ്നേഹം കരുത്തായി. മലയാളം പതിയെ പഠിച്ചെടുത്തു. പി.എം.ജി സിറ്റി വി.എച്ച്.എസ്.എസിൽ പത്താംക്ലാസും പാസായി. പ്ലസ്‌ടുവിൽ ഇംഗ്ലീഷും അക്കൗണ്ടൻസിയും തോറ്റു. സാമ്പത്തികവും ബുദ്ധിമുട്ടായതോടെ പഠനം നിറുത്തി നാട്ടിലേക്ക് മടങ്ങി. രണ്ടുവർഷം മുമ്പ് തിരിച്ചെത്തി തുല്യതാക്ലാസിന് ചേ‌ർന്നു. എസ്.എം.വിയിൽ ശനിയും ഞായറുമാണ് പ്ലസ്‌ടു ക്ലാസുകൾ.

സൈക്കിൾ പ്രേമം

ഒരുമാസമായി അനിത രാത്രി 7 മുതൽ 12 വരെ സ്വഗിയിൽ ഓടുന്നുണ്ട്. സൈക്കിളിലാണ് യാത്ര. ഇതിലൂടെ, ഇന്ധനത്തിന്റെ തുക ലാഭിക്കാം. ദിവസം ശരാശരി 150 രൂപ കിട്ടും. കുമാരപുരത്തുള്ള ലോഡ്ജിൽ പാചകവും ചെയ്യുന്നുണ്ട്. അവിടെനിന്ന് 13, 500 രൂപ മാസം കിട്ടും. ലോഡ്ജിൽ തന്നെയാണ് താമസം. സ്വിഗി ഓടവേ ഇടയ്ക്ക് പഠിക്കും. വീട്ടിലെത്തി പഠനംകഴിഞ്ഞ് കിടക്കുമ്പോൾ പുലർച്ചെ 3 മണിയാവും. ലോഡ്ജിൽ പാചകത്തിന് രാവിലെ 6ന് ഉണരും. പഠനത്തിനുള്ള തുകയ്ക്ക് വേറെയാരെയും ആശ്രയിക്കില്ല. മിച്ചം കിട്ടുന്ന പണം ജാർഖണ്ഡിലുള്ള കുടുംബത്തിന് അയച്ചുകൊടുക്കും

ജീവിതത്തിൽ നന്ദി പറയുന്നത് മലയാളികളോടാണ്. കൂടുതലും പുരുഷന്മാരാണ് സ്വിഗിയിൽ രാത്രി ഓടുന്നത്. പക്ഷേ കേരളം ശരിക്കും സേഫാണ്.

അനിത